സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; തൃശ്ശൂരില്‍ മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഡോക്ടര്‍മാര്‍ ക്വാറന്റൈനില്‍

കൊച്ചി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. തൃശൂരില്‍ കഴിഞ്ഞ ദിവസം മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.തൃശൂര്‍ അരിമ്പൂര്‍ സ്വദേശിയായ വത്സലയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജൂലൈ അഞ്ചിനാണ് വത്സല മരിച്ചത്. ഇവരുടെ ആദ്യ ട്രൂനാറ്റ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ പോസ്റ്റുമോര്‍ട്ടം നടപടിക്കിടെ ശേഖരിച്ച സ്രവ പരിശോധന ഫലം പോസിറ്റീവായി. ട്രൂനാറ്റ് പരിശോധനാ ഫലം നെഗറ്റീവായതിനാല്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കതെയായിരുന്നു മൃതദേഹം സംസ്‌കരിച്ചത്. ഇത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.

വീട്ടമ്മക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ ഡോക്ടര്‍മാര്‍ക്ക് ഉള്‍പ്പെടെ ക്വാറന്റീന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ എറണാകുളത്ത് ഒരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എറണാകുളം പുല്ലുവഴി സ്വദേശി പൊന്നാമ്പിള്ളി ബാലകൃഷ്ണന്‍ നായര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശ്വാസതടസത്തെ തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാലകൃഷ്ണന്‍ ഇന്നലെയാണ് മരിച്ചത്. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയിലാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 79 വയസായിരുന്നു.

Exit mobile version