പൂന്തുറയിലെ സംഘർഷത്തെ വിമർശിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: പൂന്തുറയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ലംഘിച്ച് ജനങ്ങൾ സംഘർഷമുണ്ടാക്കിയ സംഭവത്തെ വിമർശിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. ഇങ്ങനെ പ്രതിഷേധമുണ്ടാകാൻ ആരാണ് പ്രേരിപ്പിച്ചതെന്ന അറിയില്ല, പക്ഷെ ഇങ്ങനെ ചെയ്യുന്നത് വലിയ അപകടങ്ങൾ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. പൂന്തുറയിൽ ആന്റിജൻ ടെസ്റ്റ് നടത്തുന്നതിനെതിരെ ശരിയല്ലാത്ത പ്രചരണമുണ്ടായി. ആന്റിജൻ ടെസ്റ്റല്ല പിസിആർ ടെസ്റ്റാണ് വേണ്ടതെന്നാണ് പ്രചാരണം നടന്നത്. രണ്ടും ഒന്നുതന്നെയാണ്. പക്ഷെ ആർടി പിസിആർ മെഷീൻ ഉപയോഗിച്ച് ടെസ്റ്റ് നടത്തുമ്പോൾ ആറ് മണിക്കൂർ കൊണ്ട് ഫലം ലഭിക്കുന്നത് ആന്റിജൻ ടെസ്റ്റിൽ അര മണിക്കൂറിനുള്ളിൽ ലഭിക്കും മന്ത്രി പറഞ്ഞു. ആന്റിജൻ പരിശോധനയുടെ റിസൾട്ട് വിശ്വസിക്കാൻ പറ്റുന്നതാണെന്നും മന്ത്രി വിശദീകരിച്ചു.

ഇപ്രകാരമാണ് പൂന്തുറയിൽ ആറാം തീയതിക്ക് ശേഷം ടെസ്റ്റ് നടത്തുകയും 243 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തത്. അവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചികിത്സിക്കുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. വരുന്ന കുറച്ച് ദിവസങ്ങൾക്കുള്ളിൽ സംശയമുള്ള മുഴുവൻ ആളുകളേയും ടെസ്റ്റ് ചെയ്യും. ഇതിനായി ആരോഗ്യ പ്രവർത്തകരെ വിന്യസിച്ചിട്ടുണ്ടെന്നും രോഗവ്യാപനം തടയുന്നതിന് പരിശോധനയുൾപ്പെടെ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെടാൻ ഇടയായാൽ ആരാണ് പൊതുജനങ്ങളെ സംരക്ഷിക്കാനുണ്ടാകുകയെന്ന് മന്ത്രി ചോദിച്ചു. സ്വന്തം ജീവൻ പോലും അപകടത്തിലാക്കി മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ വിധിക്കപ്പെട്ടവരാണ് അവർ. അതിനായി അവർ പ്രവർത്തിക്കുമ്പോൾ പിന്തുണ കൊടുക്കേണ്ടതിന് പകരം ആക്രമിക്കുന്നത് ശരിയല്ല. ഇത്തരം കാര്യങ്ങൾ ഉണ്ടാകുന്നത് കാണുമ്പോൾ ഭയമുണ്ടാകുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

Exit mobile version