സ്വപ്‌ന സുരേഷിന്റെ ബിരുദം വ്യാജം; ബി.കോം കോഴ്‌സ് തന്നെ നടത്തുന്നില്ലെന്ന് സർവകലാശാല

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമെന്ന് സർവകലാശാല. എയർ ഇന്ത്യ സാറ്റ്‌സിൽ ഉൾപ്പെടെ ജോലിക്കായി സമർപ്പിച്ച ബികോം ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഡോ. ബാബാ സാഹിബ് അംബേദ്കർ ടെക്‌നോളജിക്കൽ സർവകലാശാലയുടേതെന്ന് അവകാശപ്പെടുന്ന സർട്ടിഫിക്കറ്റാണ് സ്വപ്‌ന ജോലിക്കായി സമർപ്പിച്ചിരുന്നത്. എന്നാൽ സർവകലാശാല തന്നെ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് സ്ഥിരീകരിച്ചതായി മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.

എയർ ഇന്ത്യ സാറ്റ്‌സുമായി ബന്ധപ്പെട്ട കേസിൽ സ്വപ്നയുടെ സർട്ടിഫിക്കറ്റ് പോലീസ് പിടിച്ചെടുത്തിരുന്നു. കേരള ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലും ഇതേ ബിരുദമാണ് സ്വപ്ന യോഗ്യതക്കായി നൽകിയിരുന്നത്. സർട്ടിഫിക്കറ്റിലെ ഒപ്പും സീലും വ്യാജമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സർട്ടിഫിക്കറ്റുകളിലെ സുരക്ഷാ മുദ്രകളൊന്നും ഇല്ലെന്നും സർവകലാശാല വ്യക്തമാക്കി.

സ്വപ്ന ഈ സർവകലാശാലയിലെ വിദ്യാർത്ഥി ആയിരുന്നില്ലെന്നും സർവകലാശാലയിലോ അതിനു കീഴിലുള്ള കോളജുകളിലോ ബി.കോം കോഴ്‌സ് തന്നെ ഇല്ലെന്നും കൺട്രോളർ ഓഫ് എക്‌സാമിനേഷൻ ഡോ. വിവേക് എസ് സാഥെ പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.

Exit mobile version