കൊവിഡ് രൂക്ഷം: തിരുവനന്തപുരത്ത് മൂന്ന് വാർഡുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോൺ; 5 വാർഡുകൾ ബഫർ സോൺ; വീടിന് പുറത്തിറങ്ങരുത്

തിരുവനന്തപുരം: കൊവിഡ് വ്യാപനം നിയന്ത്രണാതീതമായതോടെ തിരുവനന്തപുരം കോർപ്പറേഷന് കീഴിലെ മൂന്നുവാർഡുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി വാർഡുകളെയാണ് ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളാക്കിയത്. വള്ളക്കടവ്, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, വലിയതുറ, മുട്ടത്തറ വാർഡുകളെ ബഫർ സോണുകളായും ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.

ഈ പ്രദേശങ്ങളിൽ പാൽ, പലചരക്ക്, റേഷൻ കടകൾ എന്നിവയ്ക്ക് രാവിലെ ഏഴുമണി മുതൽ 11 മണിവരെ പ്രവർത്തിക്കാൻ അനുമതിയുണ്ട്. 11 മണിമുതൽ ഉച്ചയ്ക്ക് 12 വരെ വിതരണക്കാരിൽ നിന്നും സാധനങ്ങൾ സ്റ്റോക്ക് ചെയ്യുന്നതിനും അനുമതിയുണ്ട്. പൊതുജനങ്ങൾ മെഡിക്കൽ, ഭക്ഷ്യ ആവശ്യങ്ങൾക്കല്ലാതെ വീടിന് പുറത്തിറങ്ങാൻ പാടില്ല. മത്സ്യതൊഴിലാളികൾ മത്സ്യബന്ധനത്തിനു പോകുന്നില്ലെന്ന് കോസ്റ്റ് ഗാർഡും കോസ്റ്റൽ പോലീസും ഉറപ്പാക്കും. ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിൽ സർക്കാർ നൽകുന്ന അഞ്ച് കിലോ സൗജന്യ അരി തൊട്ടടുത്തുള്ള റേഷൻ കടകൾ വഴി ലഭിക്കും.

ജൂലൈ ഒൻപതിന് 0 മുതൽ 3 വരെ നമ്പരുകളിൽ അവസാനിക്കുന്ന കാർഡുകാരും ജൂലൈ പത്തിന് 4 മുതൽ 6 വരെ അവസാനിക്കുന്ന കാർഡുകാരും ജൂലൈ 11ന് 7 മുതൽ 9 വരെ അവസാനിക്കുന്ന കാർഡുകാരും റേഷൻ വാങ്ങാനെത്തണം. ബാങ്ക്/ബാങ്കിംഗ് അനുബന്ധ സ്ഥാപനങ്ങൾ പ്രദേശത്ത് പ്രവർത്തിക്കാൻ പാടില്ല.

രോഗികളുടെ സമ്പർക്ക പട്ടികയിലെ മുഴുവൻ പേരെയും പരിശോധനക്ക് വിധേയമാക്കും. പരിശോധനക്ക് ആറ് സംഘങ്ങളെ നിയോഗിച്ചു. തമിഴ്‌നാട് ഭാഗത്ത് മത്സ്യബന്ധനത്തിന് പോകുന്നത് തടയാൻ കോസ്റ്റൽ പോലീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റിനും നിർദേശം നൽകി. റോഡുകളും വീടുകളും അണുവിമുക്തമാക്കും. വീടുകളിൽ ബ്ലീച്ചിങ് പൗഡർ വിതരണം ചെയ്യും. കുടുംബത്തിന് 5 കിലോ വീതം സൗജന്യ റേഷൻ നൽകും. പ്രദേശത്ത് കമാൻഡോകളെ വിന്യസിച്ചു.

Exit mobile version