സന്ദീപ് നായര്‍ ബിജെപി അനുഭാവി; തെളിവുകള്‍ പുറത്ത്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രധാനകണ്ണിയായ സന്ദീപ് നായര്‍ ബിജെപി അനുഭാവിയെന്ന് വിവരങ്ങള്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പുകളുടെ അടിസ്ഥാനത്തിലാണ് സന്ദീപ് നായര്‍ ബിജെപി അനുഭാവിയാണെന്ന് വ്യക്തമാകുന്നത്. ബിജെപി മുന്‍ അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ കുമ്മനം രാജശേഖരനുമായി നില്‍ക്കുന്ന ചിത്രം സന്ദീപ് ഫേസ്ബുക്ക് കവര്‍ഫോട്ടോ ആയി പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ താന്‍ ബിജെപിക്കാരനാണെന്ന് സന്ദീപ് നായര്‍ പറയുന്ന കമന്റും പുറത്തുവന്നിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ചാല വാര്‍ഡില്‍ നിന്നും മത്സരിച്ച് വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥി എസ്‌കെപി രമേശിന് വേണ്ടി സന്ദീപ് നായര്‍ ഫേസ്ബുക്കില്‍ പോസ്റ്റര്‍ പ്രചരണവും അഭിനന്ദനവും അറിയിക്കുകയും ചെയ്തിട്ടുണ്ട്. അതെസമയം സന്ദീപ് സിപിഐഎം പ്രവര്‍ത്തകനാണെന്ന സന്ദീപിന്റെ അമ്മയുടെ പ്രതികരണം തള്ളി പാര്‍ട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ രംഗത്ത് വന്നു.

ബിജെപി തിരുവനന്തപുരം മണ്ഡലം പ്രസിഡന്റും കൗണ്‍സിലറുമായ എസ്‌കെപി രമേശിന്റെ ജീവനക്കാരനാണ് സന്ദീപ്. ഇയാളുടെ ഫേസ്ബുക്കില്‍ ബിജെപി നേതാവ് കുമ്മനം രാജശേഖരനൊപ്പം നില്‍ക്കുന്ന ചിത്രമുണ്ട്. എസ് കെ പി രമേശ് അടക്കമുള്ള ബിജെപി നേതാക്കള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാവുന്ന സന്ദീപിനെ സിപിഐഎം പ്രവര്‍ത്തകനായി ചിത്രീകരിച്ച് അപവാദ പ്രചരണം നടത്താന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

Exit mobile version