മരുന്നിനെക്കാള്‍ മനുഷ്യത്വപൂര്‍ണമായ ഇടപെടല്‍ രോഗത്തെ തോല്‍പിച്ചു,, ശരിക്കും കേരളം ഞെട്ടിച്ചു; സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് കോവിഡ് ഭേദമായ ബംഗളൂരു സ്വദേശി

കൊച്ചി: പടര്‍ന്നുപിടിച്ച് ജീവനുകള്‍ കവര്‍ന്നെടുത്തുകൊണ്ടിരിക്കുന്ന കോവിഡ് വൈറസിനെ വലിയ രീതിയില്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞതില്‍ അന്താരാഷ്ട്ര മാധ്യമങ്ങളുടെയടക്കം ശ്രദ്ധ കേരളം പിടിച്ചുപറ്റിയിട്ടുണ്ട്. കോവിഡിനോട് പൊരുതി വിജയിച്ച് ജീവിതത്തിലേക്ക് തിരിച്ചുമടങ്ങുന്നവരുടെ അഭിനന്ദനങ്ങളേറ്റു വാങ്ങിക്കൊണ്ടിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം.

വളരെ മികച്ച രീതിയിലുള്ള പ്രതിരോധ പ്രവര്‍ത്തനമാണ് ഏറണാകുളം ജില്ല നടത്തുന്നത്. ജില്ലയില്‍ പ്രധാന കോവിഡ് ചികിത്സാ കേന്ദ്രമായ എറണാകുളം മെഡിക്കല്‍ കോളേജിനും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രമായ അഡ്ലക്സിനും അഭിനന്ദനങ്ങളാണ് ദിവസേന കളക്ടര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ലഭിക്കുന്നത്.

ഇപ്പോഴിതാ, അഡ്ലക്സ് കോവിഡ് ചികിത്സ കേന്ദ്രത്തില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ രോഗം ഭേദമായി മടങ്ങിയ ബംഗളൂരു സ്വദേശി സലീല്‍ പുലേക്കര്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കേരള സര്‍ക്കാരിനും ഹൃദയം നിറഞ്ഞ നന്ദിയറിച്ചിരിക്കുകയാണ്. വീഡിയോ സന്ദേശത്തിലൂടെ കേരളത്തിന്റെ മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളെ സലീല്‍ അഭിനന്ദിക്കുകയും ചെയ്തു.

ശരിക്കും കേരളം ഞെട്ടിച്ചു. രോഗ സംബന്ധമായ എല്ലാ സംശയങ്ങള്‍ക്കും യാതൊരു മടിയും കൂടാതെ മറുപടി നല്‍കുന്ന ഡോക്ടര്‍മാര്‍ ലോകത്തിന് മാതൃകയാണ്. മരുന്നിനെക്കാള്‍ മനുഷ്യത്വപൂര്‍ണമായ ഇടപെടലാണ് രോഗത്തെ തോല്‍പ്പിക്കാനുള്ള മനക്കരുത്ത് നല്‍കിയതെന്ന് സലീല്‍ പറയുന്നു.

ഡോക്ടര്‍മാരും നഴ്‌സുമാരും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുമുള്‍പ്പടെയുള്ള സംഘം ചികിത്സക്ക് പോരായ്മകള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തിയപ്പോള്‍ ചികിത്സയെ കുറിച്ചും മറ്റ് സൗകര്യങ്ങളെ കുറിച്ചും അന്വേഷിച്ച് ആരോഗ്യവകുപ്പില്‍ നിന്നും കോളുകളെത്തി. ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളിലും ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത് രോഗം ബാധിച്ചവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ആത്മവിശ്വാസം വര്‍ധിക്കാന്‍ സഹായകമാവുമെന്നും സലീല്‍ വ്യക്തമാക്കുന്നു.

Exit mobile version