അടുത്ത നോവല്‍ ധീരരായ മലയാളി നഴ്‌സുമാര്‍ക്ക് സമര്‍പ്പിക്കുന്നു, കോവിഡ് രോഗികളെ പരിചരിക്കാന്‍ വിദേശത്തേക്ക് പോയ നഴ്‌സായ ഭാര്യയെയും സഹപ്രവര്‍ത്തകരെയും അഭിനന്ദിച്ച് ബെന്യാമിന്‍

കൊച്ചി: തന്റെ അടുത്ത നോവല്‍ കൊറോണ കാലത്ത് ജീവന്‍ പോലും പണയം വെച്ച് രാപ്പകല്‍ സമൂഹത്തിന് വേണ്ടി അധ്വാനിക്കുന്ന മാലാഖമാര്‍ക്കുള്ള ആദരവായിരിക്കുമെന്ന് തുറന്ന് പറഞ്ഞ് എഴുത്തുകാരന്‍ ബെന്യാമിന്‍. സോഷ്യല്‍മീഡിയയിലൂടെയാണ് അദ്ദേഹം ഇക്കാര്യം പ്രിയ വായനക്കാരുമായി പങ്കുവെച്ചത്.

കൊവിഡ് വ്യാപിച്ച് ജീവനുകള്‍ കവര്‍ന്നെടുത്ത് കൊണ്ടിരിക്കുമ്പോഴും നഴ്സിംഗ് ജോലിക്കായി ഗള്‍ഫിലേക്ക് തിരിച്ചുപോകുന്ന ഭാര്യയെയും കൂടെയുള്ള നഴ്സുമാരെയും ബെന്യാമിന്‍ അഭിനന്ദിച്ചു. കോവിഡ് വ്യാപനം മാരകമായി തുടരുന്ന ഗള്‍ഫിലേക്ക് ഇപ്പോള്‍ മടങ്ങണോ എന്ന് ആഷയോട് എല്ലാവരും ചോദിച്ചതാണ്.

‘യുദ്ധമില്ലാത്ത കാലത്ത് ജോലി ചെയ്യുന്ന പട്ടാളക്കരനെപ്പോലെയാണ് മഹാവ്യാധികള്‍ ഇല്ലാത്ത കാലത്ത് ജോലി ചെയ്യുന്ന നേഴ്സ്. ഇപ്പോഴാണ് അവര്‍ക്കെന്റെ സേവനം ആവശ്യം’ എന്നു പറഞ്ഞ് അവള്‍ ആ ഭീതികളെ തള്ളിക്കളഞ്ഞു. അവള്‍ ജോലി ചെയ്തുകൊണ്ടിരുന്ന ആശുപത്രി കോവിഡ് സെന്റര്‍ ആണെന്ന് അറിഞ്ഞുകൊണ്ടു തന്നെ ഇന്ന് ആരോഗ്യവകുപ്പ് അയച്ച പ്രത്യേക വിമാനത്തില്‍ മടങ്ങുകയും ചെയ്തു.

അവള്‍ക്കൊപ്പം അവധിയില്‍ ഉണ്ടായിരുന്നതും പുതിയതായി നിയമനം ലഭിച്ചതുമായ നൂറ്റിയറുപതില്‍ അധികം നേഴ്സുന്മാര്‍ വേറേയും ആ വിമാനത്തില്‍ ഉണ്ട്. മലയാളികളായ നേഴ്സുമാര്‍ക്ക് മാത്രം സഹജമായ ഒരു ധീരതയിലാണ് അവര്‍ അത്രയും വിമാനം കയറിപ്പോയിരിക്കുന്നത് എന്ന് എനിക്കുറപ്പിച്ചു പറയാന്‍ സാധിക്കും. അവര്‍ക്കുള്ള ആദരവായിരിക്കും എന്റെ അടുത്ത നോവല്‍ എന്ന് ഈ ദിവസം അറിയിച്ചുകൊള്ളട്ടെ.

Exit mobile version