കോഴിക്കോട് സമ്പര്‍ക്കത്തിലൂടെ കോവിഡ് പടരുന്നു, നഗരത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി, വലിയങ്ങാടി, മിഠായിത്തെരുവ് എന്നിവിടങ്ങളിലേക്കുള്ള പൊതു ജനസഞ്ചാരം നിയന്ത്രിക്കും

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ കോഴിക്കോട് നഗരത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വെള്ളയിലെ ഫ്‌ലാറ്റില്‍ ആറു പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.

കോവിഡ് സ്ഥിരീകരിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ ജോലി ചെയ്തിരുന്ന വെള്ളയിലെ ഫ്‌ലാറ്റിലെ അഞ്ചു പേര്‍ക്കാണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ആറു പേര്‍ക്കു കൂടി രോഗം സ്ഥീരികരിച്ചത്. ഇവര്‍ക്കെല്ലാം രോഗം ബാധിച്ചത് എങ്ങനെയാണെന്ന് ഇനിയും വ്യക്തമല്ല.

ഉറവിടമറിയാത്ത രോഗികളുടെ എണ്ണം ഉയര്‍ന്നതോടെയാണ് കോഴിക്കോട് നഗരത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. നഗരത്തിലെ വിവിധ വ്യാപാര കേന്ദ്രങ്ങളെ നിയന്ത്രിത മേഖലയായി കലക്ടര്‍ പ്രഖ്യാപിച്ചു.

വലിയങ്ങാടി, മിഠായിത്തെരുവ്, പാളയം, സെന്‍ട്രല്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളെയാണ് നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചത്. ഈ സ്ഥലങ്ങളിലേക്കുള്ള പൊതു ജനസഞ്ചാരം നിയന്ത്രിക്കും. കോര്‍പ്പറേഷനും കടുത്ത നടപടികളിലേക്ക് കടക്കുകയാണ്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വലിയങ്ങാടിയിലെത്തുന്ന വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഫ്‌ലാറ്റുകളില്‍ കഴിയുന്നവര്‍ക്കുള്ള പ്രത്യേക നിര്‍ദേശവും ജില്ലാഭരണ കൂടം പുറത്തിറക്കി.ഫ്‌ലാറ്റിനുള്ളിലും പരിസരത്തും കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണം.

ഭക്ഷണ വിതരണക്കാരെയും മറ്റു കച്ചവടക്കാരെയുമൊന്നും ഫ്‌ലാറ്റിനകത്തേക്ക് പ്രവേശിപ്പിക്കരുത്. ഇവര്‍ക്കായി ഫ്‌ലാറ്റിന്റെ കവാടത്തില്‍ പ്രത്യേക സൌകര്യമൊരുക്കണം. നിരന്തരം പുറത്ത് യാത്ര നടത്തുന്നവര്‍ ഫ്‌ലാറ്റിലെ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തരുതെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.

Exit mobile version