ഫോണുമില്ല, ടിവിയുമില്ല; ജൂണ്‍ 30നു പ്രഖ്യാപിച്ച എസ്എസ്എല്‍സി പരീക്ഷഫലം അറിഞ്ഞത് ജൂലൈ 4ന് രാത്രി, ഫുള്‍ എ പ്ലസ് നേടി ശ്രീദേവി, ആദിവാസി ഊരില്‍ ആഘോഷം

ചാലക്കുടി: എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് കിട്ടിയിട്ടും ആ സന്തോഷവാര്‍ത്ത ശ്രീദേവി അറിഞ്ഞത് ദിവസങ്ങള്‍ക്ക് ശേഷം. 150 കിലോമീറ്റര്‍ സഞ്ചരിച്ചെത്തി എസ്എസ്എല്‍സി പരീക്ഷയെഴുതി ഫുള്‍ എ പ്ലസ് നേടിയ ആദിവാസി പെണ്‍കുട്ടി ശ്രീദേവി, ജൂണ്‍ 30നു പ്രഖ്യാപിച്ച വിജയമറിഞ്ഞത് ജൂലൈ 4ന് രാത്രി 8 മണിയോടെയാണ്.

ചാലക്കുടി നായരങ്ങാടി ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ശ്രീദേവി .പൊള്ളാച്ചിക്കടുത്ത ഉള്‍ക്കാടിനകത്തെ ആദിവാസി ഊരില്‍ നിന്ന് 150 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ശ്രീദേവി എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ എത്തിയത്.

റോഡ് വരെ കാട്ടിലൂടെ നടന്നും തുടര്‍ന്ന് അച്ഛന്റെ ബൈക്കില്‍ 70 കിലോമീറ്റര്‍ സഞ്ചരിച്ച് മലക്കപ്പാറയില്‍ സംസ്ഥാനാതിര്‍ത്തി വരെ വന്ന ശേഷം ആംബുലന്‍സില്‍ സ്‌കൂളിലെത്തിയാണു ശ്രീദേവി പരീക്ഷ എഴുതിയത്. ഇത്രയേറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ച് ശ്രീദേവി പരീക്ഷ എഴുതിയ വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.

സ്‌കൂളിലെ ഹോസ്റ്റലില്‍ താമസിച്ചു പഠിച്ച ശ്രീദേവി, ലോക് ഡൗണ്‍ കാരണം പരീക്ഷ നീട്ടിയതോടെയാണു നാട്ടിലേക്കു മടങ്ങിയത്. പരീക്ഷാവിവരം അറിയാനും ബുദ്ധിമുട്ടിയിരുന്നു. പൊള്ളാച്ചി തിരുമൂര്‍ത്തിമലയിലെ കാടംപാറ കോളനിയിലേക്ക് റോഡ് മാര്‍ഗം എത്താവുന്നിടത്ത് നിന്ന് 6 കിലോമീറ്റര്‍ കാട്ടുവഴി താണ്ടി വേണം ഊരിലെത്താന്‍.

കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ഒറ്റയ്ക്ക് ഒരു മുറിയിലായിരുന്നു പരീക്ഷ. തുടര്‍ന്ന് ദിവസങ്ങളോളം സ്‌കൂളിലെ മുറിയില്‍ ഒറ്റയ്ക്ക് ക്വാറന്റീനില്‍ കഴിയുകയും ചെയ്തു. ആരോഗ്യ വകുപ്പ് അനുമതി നല്‍കിയതോടെ മേയ് 31നാണ് ശ്രീദേവി ഊരിലേക്കു മടങ്ങിയത്.

എസ്എസ്എല്‍സി പരീക്ഷ നന്നായി എഴുതിയെന്ന് ശ്രീദേവിക്കു തന്നെ ഉറപ്പുണ്ടായിരുന്നു. എങ്കിലും ഫുള്‍ എ പ്ലസ് ലഭിക്കുമെന്ന് വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല.ഫോണും ടിവിയുമില്ലാത്തതിനാല്‍ റിസള്‍ട്ട് വന്ന വിവരം പോലും ശ്രീദേവി അറിഞ്ഞില്ല. ഒടുവില്‍ പരീക്ഷയില്‍ ശ്രീദേവി ഫുള്‍ എ പ്ലസ് നേടിയ സന്തോഷ വാര്‍ത്ത ടീച്ചര്‍മാര്‍ ഫോണിലൂടെ ബന്ധുവിനെ അറിയിക്കുകയായിരുന്നു.

ഈ വിവരം പിറ്റേന്നു തന്നെ അറിയിക്കാമെന്നു ബന്ധുക്കള്‍ പറഞ്ഞിരുന്നു. കനത്ത മഴ കാരണം കാട്ടുവഴി താണ്ടി 20 കിലോമീറ്റര്‍ അകലെയുള്ള ശ്രീദേവിയുടെ ഊരിലേക്കു പോകാന്‍ അവര്‍ക്കായില്ല. അച്ഛന്‍ ചെല്ലമുത്തു ശനിയാഴ്ച ബന്ധുവിന്റെ വീട്ടിലെത്തിയപ്പോഴാണു മകളുടെ ജയം അറിഞ്ഞത്. അദ്ദേഹം രാത്രിയോടെ തിരിച്ചെത്തി ശ്രീദേവിയെ അറിയിച്ചെങ്കിലും അധ്യാപകരോട് നേരിട്ട് നന്ദി പറയാന്‍ ശ്രീദേവിക്കായില്ല.

Exit mobile version