സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി, മഞ്ചേരിയില്‍ നിരീക്ഷണത്തില്‍ കഴിയവെ മരിച്ചയാള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. നിരീക്ഷണത്തില്‍ കഴിയവെ മലപ്പുറം മഞ്ചേരിയില്‍ മരിച്ചയാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദിനാണ് കോവിഡ് പോസിറ്റീവായത്. സംസ്‌കാരം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടത്തും.

82 വയസ്സായിരുന്നു. ജൂണ്‍ 29നാണ് ഇദ്ദേഹം റിയാദില്‍ നിന്നും നാട്ടിലെത്തിയത്. തുടര്‍ന്നു വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. അര്‍ബുദത്തിന് ചികിത്സയിലായിരുന്ന മുഹമ്മദിനെ പനിയെ തുടര്‍ന്ന് ഈ മാസം ഒന്നാം തിയ്യതിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ന്യൂമോണിയ ബാധയെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെയാണ് ആരോഗ്യനില വഷളായതും മരണം സംഭവിച്ചതും. ശനിയാഴ്ച മരണം സംഭവിച്ചെങ്കിലും മുഹമ്മദിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിരുന്നില്ല.

കോവിഡ് പരിശോധന ഫലം വരാത്തതിനെ തുടര്‍ന്നാണ് മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കാതിരുന്നത്. സ്രവപരിശോധനയില്‍ ഇദ്ദേഹത്തിന് കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞു. സംസ്‌കാരം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Exit mobile version