വീട്ടിലേക്ക് വരികയാണ് എന്ന് ഫോൺ വിളിച്ചതിന് പിന്നാലെ കേട്ടത് ഷഹാനയുടെ മരണവാർത്ത

തിരുവനന്തപുരം: വിഴിഞ്ഞം ഉച്ചക്കടയിൽ ഭർതൃഗൃഹത്തിൽ യുവതി മരിച്ച സംഭവത്തിൽ സംശയങ്ങൾ ഉയരുന്നു. ബാലരാമപുരം കരയ്ക്കാട്ടുവിള ഷംന മൻസിലിൽ ഷാജഹാന്റെ മകൾ ഷഹാനയെന്ന 23കാരിയെയാണ് ഭർത്താവ് ഷഫീക്കിന്റെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഈ സംഭവത്തിൽ വൻ ദുരൂഹതയുണ്ടെന്നാണ് ഷഹാനയുടെ ബന്ധുക്കളുടെ ആരോപണം. 2015 ജൂലൈ 30 ന് ആയിരുന്നു ഷഫീക്കുമായി ഷഹാനയുടെ വിവാഹം.

ഷഹാനയുടെ മരണവിമായി ബന്ധപ്പെട്ട കേസ് ഭർതൃവീട്ടുകാരുടെ രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് അവസാനിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും കാട്ടി യുവതിയുടെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകി. വീട്ടിലേക്ക് വിളിച്ചിട്ട് താൻ വരുന്നു എന്ന് പറഞ്ഞ് അരമണിക്കൂറിന് ശേഷം ഷഹാന ആത്മഹത്യ ചെയ്തു എന്ന വിവരമാണ് ഭർതൃവീട്ടുകാർ അറിയിച്ചതെന്ന് ഷഹാനയുടെ ബന്ധുക്കൾ പറയുന്നു. ഭർത്താവ് ഷഫീക്കും മാതാവും ചേർന്ന് ഷഹാനയെ സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പീഡിപ്പിച്ചിരുന്നതയായും ഷഫീക്കിന് പരസ്ത്രീ ബന്ധമുണ്ടായിരുന്നത് ഷഹാന ചോദ്യം ചെയ്ത് പലതവണ കലഹം നടന്നിട്ടുള്ളതായും മകൾ പറഞ്ഞിരുന്നതായി പിതാവ് അറിയിച്ചു.

സംഭവ ദിവസവും അത്തരം സംഭവം നടന്നിരുന്നതായി ബന്ധുക്കൾ പറയുന്നു. സംഭവ സമയം ഷഫീഖും മാതാവും വീട്ടിലുണ്ടായിരുന്നുയെങ്കിലും സമീപവാസിയാണ് ഷഹാനയെ തൂങ്ങിയ നിലയിൽ ആദ്യം കണ്ടത്. തുടർന്ന് ഷഹാനയെ ഉടൻ ബാലരാമപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വിഴിഞ്ഞം പോലീസ് കേസെടുത്തെങ്കിലും തങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ പലതും എഫ്‌ഐആറിൽ രേഖപ്പെടുത്തിയില്ല എന്ന് ബന്ധുക്കൾ പറയുന്നു. ഷഫീഖിന്റെ രാഷ്ട്രീയ ബന്ധം വെച്ച് കേസ് വെറും ആത്മഹത്യ എന്ന് വരുത്തിത്തീർത്ത് തേച്ചുമായ്ച്ചു കളയാൻ ശ്രമം നടക്കുന്നതായും അതിന് പോലീസ് കൂട്ടുനിൽക്കുകയാണെന്നുമുള്ള ആരോണങ്ങൾ ഷഹാനയുടെ ബന്ധുക്കളും നാട്ടുകാരും ശക്തമായി ഉന്നയിക്കുന്നുണ്ട്.

ഷഹാനയുടെ ശവസംസ്‌കാര ചടങ്ങിലും ഷഫീക്ക് പങ്കെടുക്കാത്തതും ദുരൂഹത വർധിക്കുന്നുണ്ട്. പോലീസ് അന്വേഷണം നിലച്ചതോടെയാണ് ഷഹാനയുടെ പിതാവ് മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചത്. ഷഹാന ഷഫീഖ് ദമ്പതികൾക്ക് ഒന്നരവയസുള്ള ആൺകുട്ടിയുണ്ട്.

Exit mobile version