ആരോഗ്യപരിശോധനയ്ക്ക് വിധേയരാകാത്ത യാത്രക്കാരെ തീവണ്ടിയില്‍ കയറ്റില്ല; നിലപാട് കടുപ്പിച്ച് റെയില്‍വേ

തിരുവനന്തപുരം; ആരോഗ്യപരിശോധനയ്ക്ക് വിധേയരാകാത്ത യാത്രക്കാരെ തീവണ്ടിയില്‍ കയറ്റേണ്ടതില്ലെന്ന് റെയില്‍വേ. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് റെയില്‍വേയും നിലപാട് കടുപ്പിക്കുന്നത്. പരിശോധന തടസ്സപ്പെടുത്തുന്ന വിധത്തില്‍ യാത്രക്കാര്‍ വൈകിയെത്തുന്നതും യാത്രയ്ക്ക് തടസമാകുന്നതും കണ്ടാണ് നടപടി.

നിലവില്‍ റിസര്‍വേഷന്‍യാത്ര മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഒന്നരമണിക്കൂര്‍ മുമ്പേ യാത്രക്കാരുടെ ആരോഗ്യപരിശോധന തുടങ്ങും. തീവണ്ടി പുറപ്പെടുന്നതിനുമുമ്പേ പരിശോധന പൂര്‍ത്തീകരിക്കാനാണ് ഈ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, പലരും വൈകിയെത്തുന്നത് പരിശോധനയ്ക്കുള്ള സമയം നഷ്ടമാക്കുകയാണ്. അവസാനനിമിഷം എത്തുന്നവര്‍ തീവണ്ടി പുറപ്പെടുമെന്ന ഭീതിയില്‍ ആരോഗ്യപരിശോധനയ്ക്ക് വിസമ്മതിക്കുന്നുണ്ടെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞദിവസം തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ജനശതാബ്ദി എക്സ്പ്രസിനുള്ള 20 യാത്രക്കാര്‍ പരിശോധന നടത്താതെ ട്രെയിനില്‍ കയറി. അവസാനസമയം എത്തിയ ഇവര്‍ സുരക്ഷാജീവനക്കാരുടെ എതിര്‍പ്പ് അവഗണിച്ചാണ് ഉള്ളില്‍ കയറിയത്. കൊവിഡ് വ്യാപനം രൂക്ഷമായ തലസ്ഥാനത്തുനിന്നു യാത്രക്കാര്‍ പരിശോധന ഒഴിവാക്കി ട്രെയിനില്‍ കയറിയത് ഗുരുതരവീഴ്ചയാണെന്നാണ് പ്രാഥമിക നിഗമനം. ഈ ആനുകൂല്യം തുടര്‍ന്ന് അനുവദിക്കേണ്ടതില്ലെന്നാണ് റെയില്‍വേ അധികൃതരുടെ തീരുമാനം.

തിരുവനന്തപുരം ഡിവിഷന്റെ കീഴിലുള്ള എല്ലാ സ്റ്റേഷനുകളിലും പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കി. ട്രെയിന്‍ പുറപ്പെടുന്നതിന് 15 മിനിറ്റ് മുമ്പേ തന്നെ സ്റ്റേഷനിലേക്കുള്ള പ്രവേശനം തടയുമെന്ന് അധികൃതര്‍ അറിയിച്ചു. തീവണ്ടിക്കുള്ളിലും പരിശോധന കര്‍ശനമാക്കും. സ്റ്റേഷനില്‍നിന്നു കയറിയശേഷം മുഖാവരണം ഒഴിവാക്കുന്നതായും കൂട്ടംകൂടി ഇരിക്കുന്നതായും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തീവണ്ടിക്കുള്ളിലും പരിശോധന കര്‍ശനമാക്കുന്നത്. നിയമം ലംഘിക്കുന്നവരില്‍ നിന്നും പിഴയീടാക്കാനും നിര്‍ദേശമുണ്ട്.

Exit mobile version