വീടുകളിൽ ഭക്ഷ്യ സാധനങ്ങൾ എത്തിക്കാൻ നിയോഗിച്ച വൊളണ്ടിയറെ തല്ലി

എരമംഗലം: മലപ്പുറം ജില്ലയിലെ കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച വെളിയങ്കോട് പഞ്ചായത്തിലെ വൊളണ്ടിയറെ പോലീസ് തല്ലിയതായി പരാതി. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഭക്ഷ്യ സാധനങ്ങൾ വീടുകളിൽ എത്തിക്കാനായി നിയോഗിച്ച വൊളണ്ടിയറെയാണ് പുറത്തിറങ്ങിയെന്ന കാരണം പറഞ്ഞ് പോലീസ് തല്ലിച്ചതച്ചത്. ജില്ലാ ഭരണകൂടത്തിന്റെ തീരുമാന പ്രകാരം വെളിയങ്കോട് പഞ്ചായത്തും പോലീസും നിയമിച്ച വൊളണ്ടിയർ മുളുമുക്ക് കരുമത്തിൽ രജിലേഷി (33) നാണ് പെരുമ്പടപ്പ് പോലീസിന്റെ ലാത്തിയടിയേറ്റത്.

ഇന്നലെ രാവിലെ 11ന് എരമംഗലത്താണ് സംഭവമുണ്ടായത്. പോലീസ് നിർദേശ പ്രകാരം തുറന്ന സൂപ്പർ മാർക്കറ്റിൽനിന്ന് പലചരക്ക് സാധനങ്ങൾ വാങ്ങി ഓർഡർ നൽകിയ വീട്ടിലേക്ക് പോകാനായി ബൈക്കിൽ നിൽക്കുമ്പോഴാണ് പോലീസ് ലാത്തി വീശി അടിച്ചതെന്ന് രജിലേഷ് പറഞ്ഞു. തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും കൂട്ടമായി എത്തി തല്ലുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, വൊളണ്ടിയറെ മർദ്ദിച്ചതിൽ പഞ്ചായത്ത് ഭരണസമിതി ജില്ലാ കളക്ടർക്ക് പരാതി നൽകി. എന്നാൽ, ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയതിനാണ് വൊണ്ടിയറെ അടിച്ചതെന്ന് പോലീസ് വിശദീകരിച്ചു. കഴിഞ്ഞ ദിവസം പെരുമ്പടപ്പ് പഞ്ചായത്ത് ഡ്രൈവറെയും കുന്നംകുളത്തുനിന്ന് പരീക്ഷ കഴിഞ്ഞ വിദ്യാർത്ഥികളുമായി വരികയായിരുന്ന വാഹനത്തിന്റെ ഡ്രൈവറെയും പോലീസ് അടിച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Exit mobile version