ഷംന കാസിം കേസിൽ കൂടുതൽ സ്ത്രീകൾക്ക് പങ്ക്; നിർമ്മാതാവിന് എതിരെ അന്വേഷണം ശക്തം

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ ഷംനയുടെ വീട്ടിലെത്തിയ നിർമ്മാതാവിനെക്കുറിച്ച് അന്വേഷിച്ചുവരുന്നതായി ഐജി വിജയ് സാഖ്‌റെ. വിദേശത്ത് നിന്നുള്ള സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിർമാതാവ് ഷംനയുടെ വീട്ടിലെത്തിയതെന്നും ഐജി വ്യക്തമാക്കി. ഈ കേസുമായി ബന്ധപ്പെട്ട് ടിക് ടോക്ക് താരം യാസിറിനെ പോലീസ് ചോദ്യം ചെയ്യുകയാണ്.

ഷംന കാസിമിന്റെ വീട്ടിൽ വിവാഹ തട്ടിപ്പ് സംഘം എത്തിയതിന് ശേഷമാണ് നിർമ്മാതാവ് എത്തിയത്. സ്വർണ്ണക്കടത്ത് അടക്കമുള്ള സംശയങ്ങൾ ഇയാൾക്കെതിരെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇയാളെക്കുറിച്ചുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഷംനയുടെ നിർദേശപ്രകാരമാണ് വീട്ടിലെത്തിയത് എന്നാണ് നിർമ്മാതാവ് എന്ന് പരിചയപ്പെടുത്തിയ ആൾ മാതാപിതാക്കളോട് പറഞ്ഞിരുന്നത്. എന്നാൽ താൻ അത്തരമൊരാളെ അയച്ചിട്ടില്ലെന്ന് ഷംന വീട്ടുകാരെ അറിയിച്ചിരുന്നു. ഇക്കാര്യം ഷംനയുടെ മൊഴിയിലും വ്യക്തമാക്കുന്നുണ്ട്.

വിദേശത്ത് നിന്നുള്ള സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിർമ്മാതാവ് ഷംനയുടെ വീട്ടിലെത്തിയത്. ആരാണ് സന്ദേശം അയച്ചത്, എന്തുകൊണ്ടാണ് അയച്ചതെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുകയാണ്.

അതേസമയം കേസിൽ കൂടുതൽ സ്ത്രീകൾക്ക് പങ്കുള്ളതായാണ് വിവരം. ഇനിയും മൂന്ന് പേർ ഒളിവിലാണ്. റഫീഖിന്റെ ഉമ്മ എന്നപേരിൽ വിളിച്ച വാടാനപ്പള്ളി സ്വദേശിനിയെ ഉടൻ അറസ്റ്റ് ചെയ്യും. കൂടാതെ മോഡലുകളുടെ പരാതിയിൽ തൃശ്ശൂർ സ്വദേശികളുടെ അറസ്റ്റും ഉടൻ ഉണ്ടാകുമെന്നും ഐ ജി വ്യക്തമാക്കി.

Exit mobile version