അനാവശ്യമായി പുറത്തിറങ്ങരുത്: നിയമലംഘനങ്ങള്‍ക്ക് കടുത്ത നിയമനടപടി; എറണാകുളത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

കൊച്ചി: എറണാകുളം ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. കോവിഡ് നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ബ്രോഡ് വേയിലെ സാഹചര്യം മുന്നറിയിപ്പാണ്. പോലീസും ആരോഗ്യവകുപ്പും പ്രത്യേകം പരിശോധന നടത്തും. അവശ്യ സര്‍വീസ് ആണെങ്കില്‍ കൂടി ബാങ്കുകള്‍ ഉള്‍പ്പെടെയുള്ളവ കണ്ടെയ്ന്‍മെന്റ് സോണില്‍ ഏഴു ദിവസത്തേക്ക് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. രോഗബാധ വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്ഥിതി ഗുരുതരമാകാതിരിക്കണമെങ്കില്‍ എല്ലാവരും സഹായിച്ചേ മതിയാകൂ.

അതുകൊണ്ട് മാര്‍ക്കറ്റ് അടക്കമുള്ള ആളുകള്‍ കൂടുന്ന എല്ലാ സ്ഥലങ്ങളിലും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. എറണാകുളം മാര്‍ക്കറ്റിനൊപ്പം തോപ്പുംപടി കൂടി കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കിയിട്ടുണ്ട്. അതിനിടെ സമാന്തര മാര്‍ക്കറ്റ് വേണമെന്ന വ്യാപാരികളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

എറണാകുളം മാര്‍ക്കറ്റിലെ ഇലക്ട്രിക് കടയിലെയും സമീപത്തെ സ്ഥാപനത്തിലെയും ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വലിയ ആശങ്കയാണ് നഗരത്തിലുള്ളത്. ഇലക്ട്രിക് സ്ഥാപന ഉടമയുടെ കുടുംബാംഗങ്ങള്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ മാര്‍ക്കറ്റിനൊപ്പം ഇദ്ദേഹത്തിന്റെ വീടു കൂടി ഉള്‍പ്പെടുന്ന തോപ്പുംപടിയും കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കിയിരിക്കുകയാണ്. മാര്‍ക്കറ്റിലെ മറ്റു വ്യാപാരികള്‍ക്ക് രോഗലക്ഷണം കണ്ടെത്തിയതിനാല്‍ ഇരുപത്താറോളം പേരുടെ സ്രവം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. ഇതിന്റെ ഫലം ഏറെ നിര്‍ണായകമാകും. ഇതുവരെ 12 പേര്‍ക്കാണ് മാര്‍ക്കറ്റ് ഉറവിടമായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

അതിനിടെ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുന്ന വ്യാപാരികളും തൊഴിലാളികളും മറൈന്‍ ഡ്രൈവ് മൈതാനത്ത് സമാന്തര മാര്‍ക്കറ്റ് തുടങ്ങിയത് വിവാദമായതോടെ ജില്ല ഭരണകൂടം ഇത് നിര്‍ത്തിവെപ്പിച്ചിരുന്നു. മറ്റൊരിടത്ത് കച്ചവടത്തിനുള്ള സൗകര്യം ഒരുക്കണമെന്ന ആവശ്യം വ്യാപാരികള്‍ ശക്തമാക്കുന്നുണ്ടെങ്കിലും അത് തല്‍ക്കാലം പരിഗണിക്കില്ലെന്ന് ജില്ല ഭരണകൂടം പറഞ്ഞു. ഫോര്‍ട്ട് കൊച്ചി പോലീസ് സ്റ്റേഷനിലും ജാഗ്രത നിര്‍ദേശമുണ്ട്. കോവിഡ് നിരീക്ഷണം ലംഘിച്ച രോഗിയെ പിടികൂടിയ എസ്.ഐ. അടക്കം ക്വാറന്റൈനിലാണ്. കളമശ്ശേരിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്.

Exit mobile version