പ്രേത്സാഹനവും നല്ല വാക്കും ഈയവസരത്തില്‍ ഏറ്റവും ആവശ്യമുള്ളവര്‍ക്ക് ആദ്യം, അതല്ലേ ശരി? ചോദ്യവുമായി കളക്ടര്‍ ബ്രോ

കൊച്ചി: പ്രേത്സാഹനവും നല്ല വാക്കും ഈയവസരത്തില്‍ ഏറ്റവും ആവശ്യമുള്ളവര്‍ക്ക് ആദ്യം, അതല്ലേ ശരി? ഇത് എ പ്ലസ് ആഘോഷങ്ങളിലും സ്വീകരണങ്ങളിലും പങ്കെടുക്കാന്‍ വിളിക്കുന്നവര്‍ക്കുള്ള കോഴിക്കോട് മുന്‍ കളക്ടറും കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എംഡിയുമായ എന്‍ പ്രശാന്തിന്റെ മറുപടിയാണ്.

എസ്എസ്എല്‍സി റിസള്‍ട്ടിന് പിന്നാലെ മുഴുവന്‍ വിഷയത്തിലും എ പ്ലസ് കിട്ടിയവരെ അനുമോദിക്കുന്ന ഓണ്‍ലൈന്‍ പരിപാടിയില്‍ പങ്കെടുക്കാനായി ക്ഷണം ലഭിച്ചതിന് പിന്നാലെയാണ് കളക്ടര്‍ ബ്രോ തന്റെ നിലപാട് അറിയിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ താനെടുത്ത നിലപാട് ആവര്‍ത്തിച്ചാണ് കളക്ടര്‍ ബ്രോ രംഗത്തെത്തിയത്.

എ പ്ലസ് കിട്ടിയ കുട്ടികളോട് സ്നേഹവും അഭിനന്ദനവും ആശംസകളും അറിയിക്കുകയാണെന്നും പക്ഷേ തല്ക്കാലം എ പ്ലസ് കിട്ടാത്തവരുടെ മാത്രം കൂട്ടായ്മയോ പരിപാടിയോ ഉണ്ടെങ്കില്‍ മാത്രം പങ്കെടുക്കാമെന്നുമായിരുന്നു പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

വർഷങ്ങൾ മുന്നോട്ട് പോകുന്നതല്ലാതെ കാര്യങ്ങൾക്ക് വലിയ മാറ്റമൊന്നുമില്ല. ഇന്ന് രാവിലെ ഒരു ഓൺലൈൻ A+ അനുമോദന പരിപാടിക്ക് വിളി വരുന്നു. മാർക്ക് കുറഞ്ഞ കുട്ടികളും നിർബന്ധമായും ലോഗിൻ ചെയ്ത് ഇതിൽ പങ്കെടുത്ത് രോമാഞ്ചപ്പെടുകയും ഇനിയെങ്കിലും “നന്നാവുകയും” ചെയ്യുന്ന മനോഹരമായ സ്കീം.

പഴയ പോസ്റ്റ് വീണ്ടും ഷേറുന്നു. A+ കുട്ടികളോട് സ്നേഹവും അഭിനന്ദനവും ആശംസകളും. പക്ഷേ തല്ക്കാലം A+ കിട്ടാത്തവരുടെ മാത്രം കുട്ടായ്മയോ പരിപാടിയോ ഉണ്ടെങ്കിൽ മാത്രം പങ്കെടുക്കാം. പ്രേത്സാഹനവും നല്ല വാക്കും ഈയവസരത്തിൽ ഏറ്റവും ആവശ്യമുള്ളവർക്ക് ആദ്യം. അതല്ലേ ശരി?

…………… ………
കഴിഞ്ഞ കൊല്ലത്തെ A+ പോസ്റ്റ്
…………………….

A+ നല്ലത് തന്നെ. പക്ഷേ ഓവറാക്കി ചളമാക്കരുത്. എന്റെ ചെറിയ ബുദ്ധിയിലെ അഭിപ്രായം, മാർക്ക്ഷീറ്റ് ഒരു കുട്ടിയുടെ സ്വകാര്യതയാണ് എന്നാണ്. കാണിക്കേണ്ട സ്ഥലത്ത് മാത്രം കാണിക്കേണ്ടത്.

വലിയ കൊമ്പത്തെ ഗ്രേഡ് കിട്ടാത്ത കുഞ്ഞുങ്ങളിൽ ഈ മാർക്ക് ഷീറ്റ് പ്രദർശനം ഇടുന്ന പ്രഷർ എന്തായിരിക്കും… ഇത്രമാത്രം ഹൈപ്പ് അർഹിക്കാത്ത ഒരു പരീക്ഷയാണ് പത്താംതരം എന്നു കൂടെ ഓർക്കണം. ജീവിത വിജയവുമായിട്ട് വലിയ ബന്ധവുമില്ല. പത്താം തരത്തിലെ ഗ്രേഡിംഗ് നടത്തുന്നത് കുട്ടികളെ സാമൂഹികമായി വേർതിരിക്കാനല്ല, അക്കാദമിക് ചോയ്സുകൾ പ്രാവർത്തികമാക്കാൻ മാത്രമാണ്.

A+ ആഘോഷങ്ങളിലും സ്വീകരണങ്ങളിലും പങ്കെടുക്കാൻ വിളിക്കുന്നവരോട് സ്നേഹത്തോടെ വരാൻ നിർവാഹമില്ല എന്നേ പറയാൻ പറ്റൂ. ഇവർക്ക് സ്വീകരണവും ആഘോഷവും ഒരുക്കുമ്പോൾ അപമാനിക്കപ്പെടുകയും അവഗണനയുമായി ഓരത്ത് മാറി നിൽക്കുകയും ചെയ്യുന്ന ബാക്കി കുട്ടികളുടെ മനസ്സാര് വായിക്കും? അവരും മിടുക്കരും മിടുക്കികളും തന്നെയാണ്. ഇത്തരത്തിൽ സിസ്റ്റമാറ്റിക്കായി സമൂഹം ഒന്നടങ്കം അവരെ മാനസികമായി തളർത്താതിരുന്നാൽ മതി. സ്കൂളിലും, റെസിഡന്റ് അസോസിയേഷനിലും, വീട്ടിലും, ബന്ധുഗൃഹങ്ങളിലും, പത്രത്തിലും ടിവിയിലും, ഫേസ്ബുക്കിലും, കവലയിലെ ഫ്ലെക്സിലും ഒക്കെ ഇവരെ തളർത്താനുള്ള എല്ലാം നമ്മൾ ചെയ്യുന്നുണ്ട്. ഈ രക്തത്തിൽ പങ്കാളിയാവാൻ വയ്യ ഉണ്ണീ.

വിജയങ്ങൾ നമ്രതയോടെ ഏറ്റ് വാങ്ങാനാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്. വൾഗറായി ആഘോഷിക്കാനല്ല. പരാജയങ്ങളെ ഗ്രേസ്ഫുളായി കൈകാര്യം ചെയ്യാനും. ഗൗരവമുള്ള ഉന്നത പരീക്ഷകളും ശരിക്കുള്ള ജീവിതപരീക്ഷണങ്ങളും ഇനി വരാനിരിക്കുന്നേ ഉള്ളൂ.

– ബ്രോസ്വാമി 🤓

Exit mobile version