അമ്മയുടെ കരള്‍ പാതിയ്ക്ക് കാത്തുനില്‍ക്കാതെ അകാലവിയോഗം; കൃതികയ്ക്ക് പത്താംക്ലാസ്സ് പരീക്ഷയില്‍ ഫുള്‍ ‘എ പ്ലസ്’

കൊല്ലം: അമ്മയുടെ കരള്‍ പകുത്തെടുക്കാന്‍ കാത്തുനില്‍ക്കാതെ അകാലത്തില്‍ പൊലിഞ്ഞ കൃതികയ്ക്ക് പത്താംക്ലാസ്സ് പരീക്ഷയില്‍ മികച്ച വിജയം. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിരിക്കുകയാണ് കൃതിക. വിജയാരവങ്ങള്‍ ആഘോഷിക്കാന്‍ കൃതികയില്ലാത്തത് നൊമ്പരപ്പെടുത്തുകയാണ്.

ദിവസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ആന്തരികാവയവങ്ങളില്‍ രക്തസ്രാവം ഉണ്ടായതായി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് അടിയന്തരമായി കരള്‍മാറ്റ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.

കൃതികയുടെ അമ്മ കരള്‍ പകുത്ത് നല്‍കാന്‍ തയ്യാറായതോടെ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം കണ്ടെത്താന്‍ ബന്ധുക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ശ്രമം തുടങ്ങിയിരുന്നു. അതിനിടയിലാണ് കൃതിക മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞയാഴ്ചയാണ് കൃതിക (15) യാത്രയായത്. ചവറ കുളങ്ങര ഭാഗം ദേവികൃപയില്‍ പരേതനായ വേലായുധന്‍ പിള്ളയുടെയും ബിന്ദുകുമാരിയുടെയും മകളാണ്. കൊറ്റംകുളങ്ങര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു.

Exit mobile version