കൊവിഡ് രോഗിയെ കീഴടക്കി ഒരു നാടിനെ സമൂഹവ്യാപനത്തിൽ നിന്നും രക്ഷിച്ച് എസ്‌ഐ

മട്ടാഞ്ചേരി: ഫോർട്ട് കൊച്ചിയെ കൊവിഡ് സമൂഹ വ്യാപനത്തിൽ നിന്നും രക്ഷിച്ച് നാടിന്റെ നായകനായി എസ്‌ഐ ജിൻസൻ ഡൊമനിക്. നാടാകെ കൊവിഡ് പടരാതെ കാത്തത് എസ്‌ഐയുടെ സമയോചിതവും ധീരവുമായ ഇടപെടലായിരുന്നു. ഇദ്ദേഹത്തെ ഹീറോ എന്നാണ് സോഷ്യൽമീഡിയ വിശേഷിപ്പിക്കുന്നതിപ്പോൾ.

മുംബൈയിൽനിന്ന് എത്തി കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച ഫോർട്ട്‌കൊച്ചി സ്വദേശി നിരീക്ഷണം ലംഘിച്ച് കറങ്ങി നടന്നിരുന്നു. ഇയാളെ കീഴടക്കിയാണ് എസ്‌ഐ ഹീറോ ആയത്. മദ്യപിച്ച് റോഡിൽ ബഹളമുണ്ടാക്കിയ ഇയാളെ ഒറ്റക്ക് ബലപ്രയോഗത്തിലൂടെ എസ്‌ഐ ജിൻസൻ കീഴടക്കി സർക്കാർ നിയന്ത്രണത്തിലുള്ള ഇടക്കൊച്ചി ആൽഫ പാസ്റ്ററൽ നിരീക്ഷണ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു.

ഫോർട്ട്‌കൊച്ചി പോലീസ് സബ് ഇൻസ്‌പെക്ടറാണ് ജിൻസൻ ഡൊമിനിക്. യുവാവിനെ നിരീക്ഷണ കേന്ദ്രത്തിൽ ഒറ്റക്ക് ജീപ്പോടിച്ച് എത്തിച്ചശേഷം എസ്‌ഐയും സ്വയം വീട്ടുനിരീക്ഷണത്തിൽ പോയിരുന്നു.

22ന് മുംബൈയിൽ നിന്ന് എത്തിയ കൊവിഡ് ബാധിതനായ 29കാരനാണ് നിരീക്ഷണം ലംഘിച്ച് ഫോർട്ട്‌കൊച്ചി കനറാ ബാങ്ക്, ബാർബർ ഷോപ്, മദ്യശാല, ജെട്ടിയിലെ കംഫർട്ട് സ്‌റ്റേഷൻ എന്നിവിടങ്ങളിൽ പോയത്. ഇതിനുശേഷമാണ് ഇയാൾ മദ്യപിച്ച് റോഡിൽ ബഹളമുണ്ടാക്കിയത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്ത് എത്തിയപ്പോഴാണ് ഇയാൾ മുംബൈയിൽനിന്ന് എത്തിയതാണെന്ന വിവരം അറിയുന്നത്.

ഉടൻ തന്നെ എസ്‌ഐ ജിൻസൻ കൂടെയുള്ള പോലീസുകാരെ ഒഴിവാക്കി മൽപിടിത്തത്തിലൂടെ യുവാവിനെ കീഴ്‌പ്പെടുത്തി നിരീക്ഷണ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു.

Exit mobile version