യുവതീ പ്രവേശനത്തിന് നവോത്ഥാനവുമായി ബന്ധമില്ല! നിരീശ്വരവാദം നടപ്പാക്കാനുള്ള ശ്രമമാണ് നവോത്ഥാന സംഘടന സംഗമം; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എന്‍എസ്എസ്

ചങ്ങനാശ്ശേരി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി എന്‍എസ്എസ് രംഗത്ത്. നിരീശ്വരവാദം നടപ്പാക്കാനുള്ള സര്‍ക്കാര്‍ ശ്രമമാണ് നവോത്ഥാന സംഘടനകളുടെ സംഗമത്തിന്‍ പിന്നിലെന്ന് എന്‍എസ്എസ് കുറ്റപ്പെടുത്തി. യുവതീ പ്രവേശനത്തിന് നവോത്ഥാനവുമായി ബന്ധമില്ല.
സവര്‍ണന്‍, അവര്‍ണന്‍ എന്ന ജാതീയ വിഭാഗീയത സൃഷ്ടിക്കാനെ ഇത് ഉപകരിക്കൂ എന്നും എന്‍എസ്എസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

നവോത്ഥാനത്തിലൂടെ ഇല്ലാതാക്കപ്പെട്ടിട്ടുള്ളത് അനാചാരങ്ങളും ഉച്ചനീചത്വങ്ങളുമാണ് എന്നാല്‍ ശബരിമലയിലേത് ആചാരാനുഷ്ഠാനങ്ങളുടെയും വിശ്വാസങ്ങളുടെയും പ്രശ്‌നമാണെന്നും, നവോത്ഥാനവുമായി അതിന് യാതൊരു ബന്ധവുമില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ഈ വസ്ഥുത തിരിച്ചറിഞ്ഞ് കേസുണ്ടായപ്പോള്‍ തന്നെ കോടതിയെ ബോധ്യപ്പെടുത്തി വിശ്വാസം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമായിരുന്നുവെന്നും.വിശ്വാസികളുടെ ഇടയില്‍ സവര്‍ണ,അവര്‍ണ വേര്‍തിരിവ് സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്ന് സര്‍ക്കാര്‍ കരുതുന്നുവെങ്കില്‍ തെറ്റുപറ്റിയെന്നും സുകുമാരന്‍ നായര്‍ പറയുന്നു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സാമുദായിക സംഘടനകളുടെ യോഗത്തില്‍ നിന്നും എന്‍എസ്എസ് വിട്ടുനിന്നിരുന്നു.

Exit mobile version