ക്വാറന്റീനിലുള്ള വ്യക്തിക്ക് ക്വാര്‍ട്ടേഴ്‌സ് നല്‍കി ഒരു വര്‍ഷം മുമ്പ് സ്ഥലം മാറിയ ആരോഗ്യ വകുപ്പ് ജീവനക്കാരി, അനധികൃതമായി കൈവശംവച്ചത് 10 എണ്ണം; എന്‍ജിഒ ക്വാര്‍ട്ടേഴ്‌സില്‍ മിന്നല്‍ പരിശോധനയുമായി കളക്ടര്‍

കൊച്ചി: കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് സമുച്ചയത്തില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് ഒഴിഞ്ഞുകിടക്കുന്ന എഴുപതിലേറെ ക്വാര്‍ട്ടേഴ്‌സുകള്‍. അനധികൃതമായി പത്തു ക്വാര്‍ട്ടേഴ്‌സുകള്‍ കൈവശം വച്ചിരിക്കുന്നതായും പരിശോധനയില്‍ കണ്ടെത്തി.

ഒരു വര്‍ഷം മുമ്പ് കാസര്‍കോട്ടേക്ക് സ്ഥലം മാറിയ ആരോഗ്യവകുപ്പ് ജീവനക്കാരി തന്റെ കൈവശമുണ്ടായിരുന്ന ക്വാര്‍ട്ടേഴ്‌സ് ക്വാറന്റീനിലായിരുന്ന വ്യക്തിക്ക് അനധികൃതമായി താമസിക്കാന്‍ നല്‍കിയതും പരിശോധനയില്‍ കണ്ടെത്തി. അനധികൃത താമസക്കാരെ ഒഴിപ്പിക്കുമെന്നും ഇവര്‍ക്കു കൂട്ടുനിന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിന്റെ ദുരുപയോഗം സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിരുന്നത് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നുവെന്നും ഒഴിഞ്ഞുകിടക്കുന്നതും താമസയോഗ്യവുമായ ക്വാര്‍ട്ടേഴ്‌സുകള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ അര്‍ഹരായവര്‍ക്ക് നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

Exit mobile version