കൊവിഡ് 19; മലപ്പുറം എടപ്പാളില്‍ രണ്ട് ഡോക്ടര്‍മാര്‍ അടക്കം അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറം എടപ്പാളില്‍ രണ്ട് ഡോക്ടര്‍മാര്‍ അടക്കം അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ഡോക്ടര്‍മാര്‍ക്ക് പുറമെ രണ്ട് പാരാമെഡിക്കല്‍ സ്റ്റാഫിനും ഒരു നഴ്‌സുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ഡോക്ടര്‍മാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവര്‍ പരിശോധിച്ച രോഗികളെ സ്രവ പരിശോധനക്ക് വിധേയമാക്കും. സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കപ്പെടുന്ന സാഹചര്യത്തില്‍ മലപ്പുറം എടപ്പാള്‍ വട്ടംകുളം മേഖലയില്‍ നിലവില്‍ സാമൂഹ്യ വ്യാപനമുണ്ടെന്ന് പറയാന്‍ കഴിയില്ലെന്നാണ് മന്ത്രി കെടി ജലീല്‍ പറഞ്ഞത്. ആശങ്ക അകറ്റാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ പ്രദേശത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടികയിലുള്ള മുഴുവന്‍ പേര്‍ക്കും പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സമൂഹവ്യാപനം ഒഴിവാക്കാന്‍ ജനങ്ങളുടെ സഹായസഹകരണങ്ങള്‍ ആവശ്യമാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

Exit mobile version