കോട്ടയത്ത് ക്രഷറിലെ കോണ്‍ക്രീറ്റ് ടാങ്കില്‍ കുടുങ്ങി; അതിഥിത്തൊഴിലാളി ശ്വാസം മുട്ടി മരിച്ചു

കോട്ടയം: ക്രഷര്‍ യൂണിറ്റില്‍ ലോറികളിലേയ്ക്ക് പാറപ്പൊടി നിറയ്ക്കുന്ന കൂറ്റന്‍ കോണ്‍ക്രീറ്റ് ചോര്‍പ്പില്‍വീണ് അതിഥി തൊഴിലാളി മരിച്ചു. ശ്വാസം കിട്ടാതെയാണ് ബിഹാര്‍ പശ്ചിമ ചമ്പാരന്‍ ജില്ലയിലെ പുരൈനിയ സ്വദേശിയായ നാരായണ്‍ ദിസവ (29) മരിച്ചത്.

കോട്ടയം പൂവന്‍തുരുത്ത് മണക്കാട്ട് ക്രഷറില്‍ (മണക്കാട്ട് അഗ്രിഗേറ്റ്) വ്യാഴാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം നടന്നത്. പാറപൊടിക്കുന്ന ജോലികള്‍ക്കുശേഷം വൈകീട്ട് ചോര്‍പ്പിന്റെ ആകൃതിയിലുള്ള കോണ്‍ക്രീറ്റ് ടാങ്ക് വൃത്തിയാക്കാന്‍ കയറിയതായിരുന്നു തൊഴിലാളി.

എന്നാല്‍ ഇതിനിടെ കാല്‍വഴുതി ഉള്ളിലേക്ക് വീഴുകയായിരുന്നു. 12 അടിയോളം ഉയരമുള്ള ഇതിന്റെ അടിയിലെ അടപ്പ് പാതി അടയുകയും ചെയ്തതോടെ ഉള്ളില്‍ നാരായണ്‍ കുടുങ്ങി പോവുകയായിരുന്നു. നാരായണ്‍ വീണതിനു പിന്നാലെ മുകളിലേക്ക് പാറപ്പൊടിയും കൂമ്പാരമായി വന്ന് പതിച്ചതോടെ രക്ഷാപ്രവര്‍ത്തനവും ദുഷ്‌കരമാവുകയായിരുന്നു.

ഇതോടെ രക്ഷിക്കാനാവാതെ ശ്വാസംമുട്ടി മരണം സംഭവിക്കുകയായിരുന്നു. അഗ്‌നിരക്ഷാസേനയെത്തി രണ്ടുമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കോണ്‍ക്രീറ്റ് ടാങ്കിന്റെ അടിഭാഗം തകര്‍ത്ത് രാത്രി എട്ടുമണിയോടെയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കോട്ടയം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Exit mobile version