ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവം; സിനിമാ മേഖലയില്‍ ഉള്ളവരുടെ പങ്ക് അന്വേഷിക്കുമെന്ന് കൊച്ചി ഡിസിപി പൂങ്കുഴലി

കൊച്ചി: ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ സിനിമാ മേഖലയില്‍ ഉള്ളവരുടെ പങ്ക് അന്വേഷിക്കുമെന്ന് കൊച്ചി ഡിസിപി പൂങ്കുഴലി. സിനിമാ മേഖലയിലുള്ള ആര്‍ക്കെങ്കിലും തട്ടിപ്പിന്റെ ആസൂത്രണത്തില്‍ പങ്ക് ഉണ്ടോ എന്നാണ് അന്വേഷിക്കുക. നടിയുടെ വിശദാംശങ്ങള്‍ എങ്ങനെ കിട്ടി എന്നതില്‍ അന്വേഷണം ഉണ്ടാകും. അതേസമയം കൂടുതല്‍ പേര് ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും ഡിസിപി കൂട്ടിച്ചേര്‍ത്തു.

അതേസമയം നടിയെ ഭീഷണിപ്പെടുത്തിയ സംഘത്തിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്നാാണ് ഐജി വിജയ് സാഖറെ പറഞ്ഞത്. സ്വര്‍ണ്ണ കടത്തിലും അന്വേഷണം ഉണ്ടാകുമെന്നും പ്രശസ്തരായ നടിമാരെയും മോഡലുകളെയും പ്രതികള്‍ ലക്ഷ്യമിട്ടിരുന്നുവെന്നും ഐജി കൂട്ടിച്ചേര്‍ത്തു. കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപികരിക്കുമെന്നും മൂന്ന് പേര്‍ കൂടി പിടിയിലാകാനുണ്ടെന്നും ഐജി പറഞ്ഞു.

ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിന് നാല് പേരെയാണ് കഴിഞ്ഞ ദിവസം മരട് പോലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ സ്വദേശികളായ നാലുപേരാണ് പോലീസ് പിടിയിലായത്. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂര്‍ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്‌റഫ് എന്നിവരെയാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം തട്ടിപ്പിന്റെ വിവരം ഷംന കാസിം വെളിപ്പെടുത്തിയതിന് പിന്നാലെ പ്രതികള്‍ക്കെതിരെ പരാതിയുമായി കൂടുതല്‍ പെണ്‍കുട്ടികള്‍ രംഗത്ത് വന്നിരിക്കുകയാണ്. മറ്റൊരു നടിയെയും ഒരു മോഡലിനെയും ഇതേ പ്രതികള്‍ ബ്ലാക്‌മെയിലിംഗ് ചെയ്തതായാണ് വിവരം. ഇവരില്‍ നിന്ന് പ്രതികള്‍ പണവും സ്വര്‍ണ്ണവും തട്ടിയെടുക്കകയും ചെയ്തിട്ടുണ്ട്. ഇരുവരും പോലീസിനെ സമീപിച്ചിട്ടുണ്ട്. ഇവരുടെ പരാതികളില്‍ പോലീസ് ഇന്ന് കേസെടുക്കും.

Exit mobile version