ഡോക്ടറമ്മയുടെ കൈയ്യിൽ ഉണ്ണിക്ക് വാത്സല്യം മാത്രം

കൊച്ചി: അച്ഛനും അമ്മയും കൊവിഡ് ബാധിതരായി ഐസൊലേഷനിൽ കഴിയുമ്പോഴും ബന്ധുക്കളാരും കൂടെയില്ലെങ്കിലും ആറുമാസക്കാരൻ കുഞ്ഞിന് കളിചിരികൾ മാത്രം. കാരണം അമ്മയെ പോലെ കരുതലും സ്‌നേഹവും പങ്കുവെയ്ക്കുന്ന ഡോക്ടറമ്മയുണ്ടല്ലോ അവന്. കൂട്ടായി ഡോക്ടറമ്മയുടെ മൂന്ന് മക്കളുടെ കളിചിരിയും.

കൊവിഡ് പോസിറ്റീവായ മാതാപിതാക്കളുടെ കുഞ്ഞിനെയാണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ സന്നദ്ധപ്രവർത്തകയായ ഡോ. മേരി അനിത ഏറ്റെടുത്തിരിക്കുന്നത്. കുഞ്ഞിനു കോവിഡ് ടെസ്റ്റ് നടത്തിയെങ്കിലും നെഗറ്റീവാണെന്നു കണ്ടതോടെയാണ് അമ്മയിൽനിന്നുമാറ്റി അനിതയ്‌ക്കൊപ്പം താമസിപ്പിച്ചത്. ഇപ്പോൾ ഇരുവരും ഒരു ഫഌറ്റിൽ ക്വാറന്റൈനിൽ കഴിയുകയാണ്.

കൊവിഡ് ബാധിതയായ കുഞ്ഞിന്റെ അമ്മയെ ചൊവ്വാഴ്ച രാത്രി മറ്റൊരു കേന്ദ്രത്തിലേക്കു മാറ്റി. ഇതോടെ കുഞ്ഞിനെയും ആശുപത്രിയിൽനിന്ന് കൊണ്ടുപോകാൻ നിർദേശംവന്നിരുന്നു. അമ്മയുടെയോ അച്ഛന്റെയോ ബന്ധുക്കൾ കുഞ്ഞിനെ ഏറ്റെടുക്കുമെന്നു കരുതിയെങ്കിലും ആരും വന്നില്ല. അതോടെ കുഞ്ഞിനെ ഉപേക്ഷിച്ചുപോരാൻ മനസ്സുവരാതെ അവനെയുംകൂട്ടി നഗരത്തിലെ ഒരു ഫ്‌ളാറ്റിലേക്കുമാറാൻ ഡോ. അനിത തീരുമാനിക്കുകയായിരുന്നു.

ഹരിയാണയിൽ ജോലി ചെയ്യുന്ന കുഞ്ഞിന്റെ അച്ഛനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിൽ പ്രവേശിച്ചതോടെ അദ്ദേഹം ഭാര്യയെയും മകനെയും നാട്ടിലേക്കു പറഞ്ഞുവിടുകയായിരുന്നു. നാട്ടിലെത്തി മൂന്നാലുദിവസം കഴിഞ്ഞപ്പോഴാണ് പനി ബാധിച്ച് അമ്മയും കുഞ്ഞും ആശുപത്രിയിലെത്തുന്നത്. അമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കുഞ്ഞിന്റെ ടെസ്റ്റ് ഫലം നെഗറ്റീവായിരുന്നു.

കുഞ്ഞിനെ ഏറ്റെടുത്ത നിമിഷത്തെ കുറിച്ച് ഡോ. അനിത പറയുന്നതിങ്ങനെ: ”ആംബുലൻസിൽ മെഡിക്കൽ കോളേജിലെത്തുമ്പോൾ പിപിഇ കിറ്റ് ധരിച്ച് ചിലർ വന്നു കുഞ്ഞിനെ എന്റെ കൈയിൽതന്നു. ആദ്യമൊക്കെ അമ്മയെ കാണാത്തതുകൊണ്ടും മുലപ്പാൽ കുടിക്കാൻ പറ്റാത്തതുകൊണ്ടുമൊക്കെ അവൻ വലിയ കരച്ചിലായിരുന്നു. ഇപ്പോ എല്ലാംമാറിവരുന്നു. ഞാൻ ഉണ്ണീ എന്നു വിളിച്ചാൽ അവൻ മോണകാട്ടി ചിരിക്കും.”-അനിത പറഞ്ഞു.

നഗരത്തിലെ ഫ്‌ളാറ്റിൽ കുഞ്ഞിനൊപ്പം ക്വാറന്റൈനിലാണ് അനിതയും. ജനൽ തുറക്കുമ്പോൾ താഴെ അനിതയുടെ മൂന്നുമക്കൾ കാത്തുനിൽക്കും കുഞ്ഞുവാവയ്ക്കും അമ്മയ്ക്കുമുള്ള ഭക്ഷണവുമായി.

കടപ്പാട്: മാതൃഭൂമി

Exit mobile version