അമ്മയുടെ ശസ്ത്രക്രിയ നടത്താന്‍ കൈയ്യില്‍ പണമില്ല, സഹായം അഭ്യര്‍ത്ഥിച്ച് പൊട്ടിക്കരഞ്ഞ് മകള്‍, ചേര്‍ത്തുപിടിച്ച് മലയാളികള്‍, 18 മണിക്കൂറുകള്‍ക്കുള്ളില്‍ വര്‍ഷയ്ക്ക് കിട്ടിയത് 50 ലക്ഷം രൂപ

കണ്ണൂര്‍; കരള്‍ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന അമ്മയുടെ ശസ്ത്രക്രിയ മൂന്ന് ദിവസത്തിനകം നടത്തണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചപ്പോള്‍ തളിപ്പറമ്പ് കാക്കത്തോട് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വര്‍ഷയ്ക്ക് മുന്നില്‍ മറ്റ് വഴികളൊന്നുമില്ലായിരുന്നു. ശസ്ത്രക്രിയയ്ക്കു 19 ലക്ഷം രൂപയാണ് ആദ്യഘട്ടത്തില്‍ കെട്ടിവയ്‌ക്കേണ്ടത്. എന്തുചെയ്യണമെന്നറിയാതെ വര്‍ഷ ആശുപത്രിയുടെ മുന്നില്‍ നിന്നും പൊട്ടിക്കരഞ്ഞു.

അമ്മയുടെ ജീവനുവേണ്ടി കരഞ്ഞ മകളെ സഹായിക്കാന്‍ പിന്നീട് മലയാളികള്‍ ഒന്നിച്ച കാഴ്ചയാണ് കണ്ടത്. 18 മണിക്കൂറിനുള്ളില്‍ 50 ലക്ഷം രൂപ വര്‍ഷയുടെ അക്കൗണ്ടിലെത്തി. വര്‍ഷയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സഹായഹസ്തവുമായി നിരവധി പേര്‍ രംഗത്തെത്തിയത്.

കരള്‍ രോഗം ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വര്‍ഷയുടെ അമ്മ രാധ. മൂന്ന് ദിവസത്തിനകം ശസ്ത്രക്രിയ നടത്തണമെന്നു ഡോക്ടര്‍ പറഞ്ഞു. ശസ്ത്രക്രിയയ്ക്കു 19 ലക്ഷം ആദ്യഘട്ടത്തില്‍ കെട്ടിവയ്‌ക്കേണ്ടതുണ്ടായിരുന്നു. ഇതോടെ വര്‍ഷ പ്രതിസന്ധിയിലായി.

അച്ഛന്‍ നേരത്തെ മരിച്ചതിനാല്‍ സഹായിക്കാന്‍ ആരുമില്ലാത്ത അവസ്ഥയായിരുന്നു. 10,000 രൂപയുമായി ചികിത്സയ്ക്ക് എത്തിയതാണെന്നും പലരും സഹായിച്ച് 1 ലക്ഷം രൂപ ഇതുവരെ ചെലവഴിച്ചെന്നും വര്‍ഷ പറഞ്ഞു. മറ്റ് വഴികളൊന്നുമില്ലാതായതോടെയാണ് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ആശുപത്രിയുടെ മുന്നില്‍ നിന്ന് വിഡിയോ പോസ്റ്റ് ചെയ്തത്.

സാമൂഹിക പ്രവര്‍ത്തകനായ സാജന്‍ കേച്ചേരിയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. അമ്മയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനായി സഹായം അഭ്യര്‍ത്ഥിച്ച് കരഞ്ഞ വര്‍ഷയെ സഹായിക്കാന്‍ നിരവധി പേര്‍ രംഗത്തെത്തുകയായിരുന്നു.

വിഡിയോ സന്ദേശം കണ്ടതോടെ കണ്ണൂര്‍ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടിരുന്നു. സാമൂഹിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ വിഡിയോ പങ്കുവെച്ചതോടെയാണ് 50 ലക്ഷത്തോളം രൂപ അക്കൗണ്ടില്‍ എത്തിയത്.

Exit mobile version