ഈ വിടവാങ്ങല്‍ വല്ലാത്ത ഒരു വേദനയാണ്, ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു മനുഷ്യ മനസ്സുകളുടെ സംഘര്‍ഷങ്ങള്‍ പുതിയ കഥകളിലൂടെ കാണാന്‍; സച്ചിയുടെ മരണത്തില്‍ വേദന പങ്കുവെച്ച് ഹരീഷ് പേരടി

കോഴിക്കോട്: സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ വിയോഗത്തില്‍ വേദനയോടെ മലയാള സിനിമാ ലോകം. നിരവധി നല്ല ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സച്ചി കഴിഞ്ഞദിവസമാണ് വിടവാങ്ങിയത്. ഹൃദയാഘാതത്തെത്തുടര്‍ന്ന് തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

സച്ചിയുടെ അകാലവിയോഗത്തില്‍ മലയാള സിനിമ രംഗത്തെ നിരവധി പേരാണ് അനുശോചനം അറിയിച്ചത്. അയ്യപ്പനേയും കോശിയേയും ഇങ്ങിനെ പ്രേക്ഷക മനസ്സുകളിലേക്ക് ആളി കത്തിച്ചതിനു ശേഷമുള്ള ഈ വിടവാങ്ങല്‍ വല്ലാത്ത ഒരു വേദനയാണെന്ന് പറയുകയാണ് നടന്‍ ഹരീഷ് പേരടി.

ഫേസ്ബുക്കിലൂടെ സച്ചിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. മനുഷ്യ മനസ്സുകളുടെ സംഘര്‍ഷങ്ങള്‍ പുതിയ കഥകളിലൂടെ കാണാന്‍ ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നുവെന്നും സച്ചിയുടെ വിടവങ്ങല്‍ വല്ലാത്ത ഒരു വേദനയാണെന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. .

തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് സച്ചിയുടെ ആരോഗ്യ നില ഗുരുതരമായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

അയ്യപ്പനേയും കോശിയേയും ഇങ്ങിനെ പ്രേക്ഷക മനസ്സുകളിലേക്ക് ആളി കത്തിച്ചതിനു ശേഷമുള്ള ഈ വിടവാങ്ങല്‍ വല്ലാത്ത ഒരു വേദനയാണ്..ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു മനുഷ്യ മനസ്സുകളുടെ സംഘര്‍ഷങ്ങള്‍ പുതിയ കഥകളിലൂടെ കാണാന്‍…യാത്രാ മൊഴി…പ്രണാമം…

Exit mobile version