വീട്ടമ്മയുടെ മരണം: അനീല്‍ഡ് ഗ്ലാസുകള്‍ വേണ്ട; 45 ദിവസത്തിനുള്ളില്‍ ചില്ലുവാതിലുകള്‍ മാറ്റി സ്ഥാപിക്കണം

തിരുവനന്തപുരം: ബാങ്കിന്റെ ചില്ലുവാതിലില്‍ ഇടിച്ച് വീട്ടമ്മ മരണപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് അനീല്‍ഡ് ഗ്ലാസുകളുടെ ഉപയോഗം നിരോധിച്ചു. വാതിലുകളിലോ പാര്‍ട്ടീഷ്യന്‍ ചെയ്യുമ്പോഴോ വലിയ കഷ്ണങ്ങളായി പൊട്ടാന്‍ സാധ്യതയുള്ളതിനാലാണ് അനീല്‍ഡ് ഗ്ലാസുകള്‍ നിരോധിക്കുന്നത്.

നിലവില്‍ അനീല്‍ഡ് ഗ്ലാസുകള്‍ സ്ഥാപിച്ച സ്ഥാപനങ്ങള്‍ 45 ദിവസത്തിനകം ടെപേര്‍ഡ്, ടെഫന്‍ഡ് ഗ്ലാസിലേക്ക് മാറാനും കര്‍ശനമായി നിര്‍ദേശം നല്‍കി. കൂടാതെ ചില്ലു വാതിലുകളില്‍ തിരിച്ചറിയാന്‍ സാധിക്കുന്ന വിധത്തില്‍ സ്റ്റിക്കറുകള്‍ പതിപ്പിക്കണമെന്നും വാതില്‍ തുറക്കേണ്ട ദിശ എല്ലാവര്‍ക്കും മനസിലാകുന്ന ഭാഷയില്‍ വലിയ അക്ഷരങ്ങളില്‍ എഴുതി വയ്ക്കണമെന്നും നിര്‍ദേശം.

പെരുമ്പാവൂരില്‍ ബാങ്കിലെ ഗ്ലാസ് വാതില്‍ തകര്‍ന്ന് കഷ്ണങ്ങള്‍ കുത്തിക്കയറി വീട്ടമ്മ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്നാണ് പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നത്.
പെരുമ്പാവൂര്‍ ബാങ്ക് ഓഫ് ബറോഡയിലായിരുന്നു ദാരുണസംഭവം.
കൂവപ്പടി ചേരാനല്ലൂര്‍ സ്വദേശി ബീന(45)യാണ് മരിച്ചത്. ബാങ്കിനകത്ത് നിന്നും പുറത്തേക്ക് ഓടിയിറങ്ങുന്നതിനിടെ ചില്ല് വാതിലില്‍ ശക്തിയായി ഇടിക്കുകയും ചില്ല് തകര്‍ന്ന് ശരീരത്തിലേക്ക് തുളച്ചു കയറുകയുമായിരുന്നു.

Exit mobile version