കൊവിഡ് വ്യാപനത്തില്‍ ആശങ്ക വര്‍ധിപ്പിച്ച് എലിപ്പനി; 15 ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് ഏഴ് മരണം, 42 പേര്‍ക്ക് രോഗം, 87 പേര്‍ ലക്ഷണങ്ങളോടെ ചികിത്സയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ ആശങ്ക നിലനില്‍ക്കെ എലിപ്പനിയും രൂക്ഷമാകുന്നു. കഴിഞ്ഞ 15 ദിവസത്തിനിടെ ഏഴ് പേരാണ് മരണപ്പെട്ടത്. 42 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 87 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. ഈ സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുകയും ചെയ്തു.

ഈ വര്‍ഷം മേയ് വരെ ഏഴു മരണം സ്ഥിരീകരിച്ചപ്പോര്‍ 29 പേരുടേത് എലിപ്പനി തന്നെയായിരുന്നുവെന്നാണ് നിഗമനം. 293 പേര്‍ക്ക് രോഗം ബാധിച്ചു. 559 പേര്‍ക്ക് എലിപ്പനി സംശയിക്കുന്നു. പനി, പേശിവേദന ,തലവേദന , വയറ്വേദന, ഛര്‍ദ്ദി ,കണ്ണിന് ചുവപ്പുനിറം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. കെട്ടിനില്‍ക്കുന്ന മഴ വെള്ളത്തില്‍ ഇറങ്ങുന്നവര്‍ക്കും മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്കുമാണ് എലിപ്പനി ഉണ്ടാകുന്നതിന് സാധ്യതയേറെയുള്ളത്.

രോഗവാഹകരായ എലി, പട്ടി, കന്നുകാലികള്‍, പന്നി എന്നിവയുടെ വിസര്‍ജ്യം കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കലരുന്നു. സമ്പര്‍ക്കത്തില്‍ വരുന്നവരുടെ ശരീരത്തിലെ ശ്ലേഷ്മ സ്തരങ്ങളിലൂടെയും മുറിവിലൂടെയും അണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കും. എലി മൂത്രം കലര്‍ന്ന് മലിനമായ ആഹാരം കഴിച്ചാലും എലിപ്പനി രോഗം ബാധിക്കാം. ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Exit mobile version