കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ വെച്ച് കണ്ടു, സമൂഹ അടുക്കളയില്‍വെച്ച് മിണ്ടി; നിരീക്ഷണ കാലാവധി കഴിഞ്ഞ് മടങ്ങുമ്പോള്‍ ‘പോരുന്നോ കൂടെ’ എന്ന് ചോദ്യം, ഒടുവില്‍ ട്രെയിനില്‍ കയറി ഒളിച്ചോട്ടം

കാസര്‍കോട്: കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ വെച്ചാണ് തമിഴ്‌നാട് സ്വദേശിയായ 22 കാരനും 18 കാരിയായ ആന്ധ്രാ സ്വദേശിനിയും പുതുജീവിതത്തിലേയ്ക്ക് കടന്നത്. കാസര്‍കോട് മംഗല്‍പാടി പഞ്ചായത്തില്‍ ഒരുക്കിയ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ വെച്ചാണ് പ്രണയം മൊട്ടിട്ടത്.

കൊവിഡ് കേന്ദ്രത്തില്‍ ആദ്യമായി കണ്ടുമുട്ടുകയും ശേഷം സമൂഹ അടുക്കളയില്‍ ഭക്ഷണം വാങ്ങാന്‍ എത്തിയപ്പോള്‍ ആദ്യമായി സംസാരിക്കുകയും ചെയ്തു. ഒടുവില്‍ നിരീക്ഷണ കാലാവധി കഴിഞ്ഞതോടെ നാട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ അവന്‍ അവളോടായി ചോദിച്ചു, ‘പോരുന്നോ കൂടെ?’. ചോദ്യത്തിന് കാതോര്‍ത്തിരുന്ന പെണ്‍കുട്ടി ഒടുവില്‍ അവന്റെ കൈപിടിക്കുകയായിരുന്നു.

റോഡരികിലും കടവരാന്തയിലും അന്തിയുറങ്ങുകയായിരുന്ന നാടോടികളെയും യാചകരെയും കൊവിഡിന്റെ പശ്ചാത്തലത്തില്‍ പുനരധിവസിപ്പിക്കുന്നതിനാണ് ഉപ്പള ചെറുഗോളി സ്‌കൂളില്‍ പഞ്ചായത്ത് പുനരധിവാസ കേന്ദ്രം ഒരുക്കിയത്. പഞ്ചായത്തിലെ അതിഥിത്തൊഴിലാളികളായിരുന്നു തിമിഴ്‌നാട് സ്വദേശിയായി യുവാവും ആന്ധ്ര സ്വദേശിനിയായ യുവതിയും.

ഒരേ കേന്ദ്രത്തിലാണ് ഇരുവര്‍ക്കും പുനരധിവാസം ഒരുക്കിയത്. ഇവര്‍ക്കുള്ള ഭക്ഷണവും സമൂഹ അടുക്കളയില്‍ നിന്നായിരുന്നു. ഭക്ഷണം വാങ്ങാനായി ദിവസവും ഒരുമിച്ചാണ് ഇരുവരും എത്തിയിരുന്നത്. പിന്നീട് പ്രണയത്തിലായി. ഒടുവില്‍ തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ട ട്രെയിനില്‍ യുവാവിനൊപ്പം പെണ്‍കുട്ടിയും കയറുകയായിരുന്നു. യുവതിയുടെ ബന്ധുക്കളുടെ അറിവോടെയാണ് പോയതെന്നും അവര്‍ക്ക് പരാതി ഇല്ലാത്തിനാല്‍ കേസ് എടുത്തിട്ടില്ലെന്നും പോലീസും വ്യക്തമാക്കി.

Exit mobile version