പാമ്പിനെ പിടിക്കാനെത്തിയ യുവാവിന് പാമ്പിന്റെ കടിയേറ്റ് ദാരുണാന്ത്യം; ഒടുവിൽ ഇതേ പാമ്പിനെ പിടികൂടി രക്ഷകനായി വാവ സുരേഷ്

തിരുവനന്തപുരം: പാമ്പിനെ കണ്ട് ഭയന്നവർ വിളിച്ചത് അനുസരിച്ച് പാമ്പിനെ പിടികൂടാനെത്തിയ യുവാവിന് അതേ പാമ്പിന്റെ കടിയേറ്റ് ദാരുണമരണം. ശാസ്താവട്ടം, റുബീന മൻസിലിൽ ഷാഹുൽ ഹമീദിന്റെ മകൻ സക്കീർ ഹുസൈൻ (30) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു സംഭവം.

നാവായിക്കുളം ഇരുപത്തെട്ടാംമൈൽ കാഞ്ഞിരംവിളയിൽ പാമ്പിനെ പിടികൂടാനെത്തിയ സക്കീർ ഹുസൈനെ മൂർഖൻ പാമ്പ് കടിക്കുകയായിരുന്നു.

കടിയേറ്റ് വീണ് അവശനായ യുവാവിന്റെ വായിൽ നിന്നും നുരയും പതയും വരുന്നത് കണ്ട് നാട്ടുകാർ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സക്കീറിനെ കൊത്തിയ ശേഷം രക്ഷപ്പെട്ട പാമ്പിനെ പിന്നീട് വാവ സുരേഷ് എത്തി പിടികൂടുകയായിരുന്നു.

Exit mobile version