മലബാറിൽ സമ്പർക്കം മൂലം കൊവിഡ് വർധിക്കുന്നു; മലപ്പുറം മുന്നിൽ; ജാഗ്രത

കോഴിക്കോട്: മലബാർ ജില്ലകളിൽ കൊവിഡ് രോഗം സമ്പർക്കം മൂലം വർധിക്കുന്നെന്ന് റിപ്പോർട്ടുകൾ. ഇന്നലെ മാത്രം 14 പേരാണ് സമ്പർക്കം മൂലം കൊവിഡ് പോസീറ്റീവായത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് സമ്പർക്കം മൂലമുള്ള കൊവിഡ് രോഗികൾ കൂടുന്നത്. സമ്പർക്ക രോഗികളിൽ മുന്നിൽ മലപ്പുറം ജില്ലയാണ്. ശനിയാഴ്ച മാത്രം എട്ട് പേർക്കാണ് ഇത്തരത്തിൽ രോഗം സ്ഥിരീകരിച്ചത്. ആശാ വർക്കറും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറും ആംബുലൻസ് ഡ്രൈവറും നഴ്‌സും ഉൾപ്പടെയുള്ളവർ സമ്പർക്കത്തിലൂടെ രോഗികളായി. മലപ്പുറത്ത് മാത്രം കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ 16 പേർക്കാണ് സമ്പർക്കം മൂലം കൊവിഡ്19 ബാധിച്ചത്.

അതേസമയം, കണ്ണൂരിൽ ശനിയാഴ്ച സമ്പർക്കം മൂലം കൊവിഡ് ബാധിച്ചത് നാല് പേർക്കാണ്. കോഴിക്കോട്ട് രണ്ട് പേർക്കും. കണ്ണൂരിലെ സമ്പർക്ക രോഗികളിൽ കെഎസ്ആർടിസി ബസ് ഡ്രൈവറും പപ്പട വിൽപ്പനക്കാരനുമുണ്ട്. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് കോഴിക്കോട് സമ്പർക്കം മൂലമുള്ള കൊവിഡ് വ്യാപനം റിപ്പോർട്ട് ചെയ്തത്.

പാലക്കാട് നിന്ന് സമ്പർക്കം മൂലമുള്ള കേസുകൾ കഴിഞ്ഞ അഞ്ച് ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് ആശ്വാസകരമാണ്. നേരത്തെ, ആരോഗ്യപ്രവർത്തകർക്ക് ഉൾപ്പടെ സമ്പർക്കത്തിലൂടെ ഇവിടെ രോഗം പടർന്നത് ആശങ്കയുണ്ടാക്കിയിരുന്നു. വയനാട്ടിലും കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്ക രോഗികളില്ല.

Exit mobile version