ഭാര്യ മരിച്ചു, പെണ്‍മക്കള്‍ ഉപേക്ഷിച്ചു; ദുരിതത്തിലായ വൃദ്ധന് തണലൊരുക്കി പീസ് വാലി

കൊച്ചി: മക്കള്‍ ഉപേക്ഷിച്ചതോടെ ദയനീയ അവസ്ഥയിലായ വൃദ്ധന് തുണയായി കോതമംഗലം പീസ് വാലി. കടുങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഏലൂക്കര മാമ്പായി പറമ്പ് ലക്ഷംവീട് കോളനിയില്‍ ബീരാവുവിനാണ് മനുഷ്യസ്‌നേഹികള്‍ തണലായത്.

ഒരു മാസം മുന്‍പ് ഭാര്യ മരിച്ചതോടെ ബീരാവുവിന് ഭക്ഷണവും പരിചരണവും ലഭിക്കാതെയാകുകയായിരുന്നു. വിവാഹിതരായ രണ്ടു പെണ്‍മക്കളും ഇദ്ദേഹത്തെ സംരക്ഷിച്ചില്ല. അയല്‍വാസിയായ സ്ത്രീ ഇടയ്ക്ക് എത്തിച്ചു നല്‍കുന്ന ഭക്ഷണം മാത്രമായിരുന്നു ആശ്രയം.

കാഴ്ചയ്ക്ക് തകരാറുള്ളതിനാല്‍ പരസഹായമില്ലാതെ ഭക്ഷണം കഴിക്കാനോ, പ്രാഥമിക കാര്യങ്ങള്‍ ചെയ്യാനോ കഴിയാത്ത അവസ്ഥയിലാണ് ഇദ്ദേഹം കഴിഞ്ഞിരുന്നത്. ഇദ്ദേഹത്തിന് ലഭിച്ചിരുന്ന പെന്‍ഷനും മറ്റു ആനുകൂല്യങ്ങളും മക്കളാണ് കൈപ്പറ്റിയിരുന്നത്. നാലു സെന്റ് സ്ഥലത്ത് പഞ്ചായത്ത് നിര്‍മിച്ചു നല്‍കിയ വീട്ടിലായിരുന്നു താമസം.

പ്രദേശത്തെ പൊതുപ്രവര്‍ത്തകരും മറ്റും അറിയിച്ചതിനെ തുടര്‍ന്ന് കോതമംഗലം പീസ് വാലി അധികൃതര്‍ സ്ഥലത്തെത്തി ബീരാവുനെ ഏറ്റെടുക്കുകയായിരുന്നു. പിതാവിനെ സംരക്ഷിക്കാത്ത മക്കള്‍ക്കെതിരെ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സംരക്ഷണ നിയമ പ്രകാരം നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് പീസ് വാലി ഭാരവാഹികള്‍ അറിയിച്ചു.

Exit mobile version