പുതിയ യുട്യൂബ് ചാനലുമായി വിഡി സതീശന്‍; ആദ്യ അഭിമുഖം ധനമന്ത്രി തോമസ് ഐസക്കുമായി

തൃശ്ശൂര്‍: പുതിയ യൂട്യൂബ് ചാനലിന് തുടക്കമിട്ട് വിഡി സതീശന്‍ എംഎല്‍എ. ‘Dialogue with VDS’ എന്ന് പേരിട്ടിരിക്കുന്ന ചാനലില്‍ ഇന്ന് വൈകിട്ട് ആദ്യ പരുപാടി സംപ്രേക്ഷണം ചെയ്യും. ധനമന്ത്രി തോമസ് ഐസക്കുമായിട്ടാണ് ആദ്യ ചര്‍ച്ച. ഇന്ന് വൈകിട്ട് ആറരക്ക് പരുപാടി സംപ്രേക്ഷണം ചെയ്യും.

കൊവിഡാനന്തര കാലത്തേ മാറ്റങ്ങളെയും വെല്ലുവിളികളെയും കുറിച്ചായിരിക്കും ചര്‍ച്ച. ചാനലിന് എല്ലാവിധ പിന്‍തുണയും ഉണ്ടാകണമെന്ന് വിഡി സതീശന്‍ അഭ്യര്‍ത്ഥിച്ചു. ‘കൊവിഡാനന്തര കാലഘട്ടം യഥാര്‍ത്ഥത്തില്‍ ഒരു പുതു യുഗപ്പിറവിയാണ്. ജീവിതത്തിന്റെ സമസ്ത തലങ്ങളിലും മാറ്റം നമ്മെ കാത്തിരിക്കുന്നു. കാലത്തിന്റെ മുന്‍പേ നടക്കാന്‍ നമുക്കൊരു ശ്രമം നടത്താം. നിരന്തരമായ ചര്‍ച്ചകളിലൂടെ കാര്യങ്ങള്‍ മുന്നോട്ടു പോകാന്‍ നമുക്കൊരു യുട്യൂബ് ചാനലിന് തുടക്കമിടാം. എല്ലാ പിന്തുണയും അഭ്യര്‍ത്ഥിക്കുന്നു- വിഡി സതീശന്‍ പറഞ്ഞു.

കൊവിഡ് കാലത്ത് വിവിധ മേഖലകളിലുള്ള പ്രമുഖരുമായി രാഹുല്‍ ഗാന്ധി അഭിമുഖം നടത്തിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇവ പുറത്തുവിട്ടിരുന്നു. ഇതിനെ പിന്‍പറ്റിയാണ് വിഡി സതീശന്റെ സംരംഭവും.

Exit mobile version