കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ ജില്ലകളിലും ഇന്ന് മഴ ശക്തിപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിക്കുകയായിരുന്നു.

അടുത്ത മൂന്ന് മണിക്കൂറിനിടെ എറണാകുളം, തൃശ്ശൂര്‍ ആലപ്പുഴ എന്നീ ജില്ലകളില്‍ ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായും അധികൃതര്‍ അറിയിച്ചു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്ക്-പടിഞ്ഞാറ് അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറ് അറബിക്കടലിലും മണിക്കൂറില്‍ 45 മുതല്‍ 55 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മധ്യ കിഴക്ക് അറബിക്കടലിലും,കര്‍ണാടക,ഗോവ,കൊങ്കണ്‍ തീരങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Exit mobile version