അതിരപ്പിള്ളി പദ്ധതി ഒരു തരത്തിലും നടപ്പാക്കാൻ പറ്റാത്തത്; മന്ത്രിസഭയിൽ ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല: വനംമന്ത്രി കെ രാജു

തിരുവനന്തപുരം: ഏറെ വിവാദമായിക്കൊണ്ടിരിക്കുന്ന അതിരപ്പിള്ളി പദ്ധതിയെ സംബന്ധിച്ച് പ്രതികരണവുമായി വനംവകുപ്പ് മന്ത്രി കെ രാജു. പദ്ധതി ഒരുതരത്തിലും നടപ്പാക്കാൻ കഴിയുന്നതല്ലെന്നും മന്ത്രിസഭയിൽ ആലോചിച്ചിട്ടില്ലെന്നും കെ രാജു പറഞ്ഞു. വൈദ്യുതി വകുപ്പിൽ നിന്ന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും പദ്ധതിക്ക് യാതൊരുവിധത്തിലുള്ള അനുമതിയുമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

2001ൽ ഹൈക്കോടതി പ്രദേശത്തെ മരം മുറിക്കുന്നത് സ്റ്റേ ചെയ്തിരുന്നു. പൊതുജനങ്ങളെ കേൾക്കാതെയും മഴക്കാലത്ത് മാത്രം നടത്തിയ പഠനത്തിന്റെയും അടിസ്ഥാനത്തിലാണ് പാരിസ്ഥിതിക അനുമതി നൽകിയതെന്ന നിഗമനത്തിൽ 2001ൽ പരിസ്ഥിതി മന്ത്രാലയം നൽകിയ അനുമതി റദ്ദാക്കി. 2007ൽ മന്ത്രാലയം നൽകിയ പാരിസ്ഥിതിക അനുമതിയുടെ കാലാവധി 2017ൽ അവസാനിച്ചു. നൽകിയ അനുമതിയുടെയെല്ലാം കാലാവധി സമ്പൂർണമായും അവസാനിച്ച പദ്ധതിയാണിതെന്നും മന്ത്രി പറഞ്ഞു

വാഴച്ചാൽ ഊരുകൂട്ടത്തെ പ്രതിനിധികരിച്ച ഗീത നൽകിയ കേസ് ഹൈക്കോടതിയിൽ തീർപ്പാക്കാതെ കിടക്കുകയാണ്. യാഥാർത്ഥത്തിൽ ഈ പദ്ധതി നടപ്പാക്കാൻ കഴിയില്ലെന്ന് എല്ലാവർക്കും ബോധ്യമുള്ള സംഗതിയാണെന്നും അദ്ദേഹം പറഞ്ഞു. അനുമതി ലഭിച്ചെങ്കിലും നടത്താൻ കഴിയാതിരുന്ന പദ്ധതിയാണിതെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. പദ്ധതിയെക്കുറിച്ച് മന്ത്രിസഭയിൽ ആലോചിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Exit mobile version