‘ഒരു ദിവസത്തില്‍ രണ്ട് ആത്മഹത്യ’; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്നവര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായിരിക്കുന്നത്. എന്തെങ്കിലും വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രണ്ട് പേരാണ് ഇന്ന് ആത്മഹത്യ ചെയ്തത്. ആനാട് സ്വദേശി ഉണ്ണിയാണ് രാവിലെ ആത്മഹത്യ ചെയ്തത്. രോഗം ഭേദമായി ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ ഇരിക്കേയാണ് ആത്മഹത്യ ചെയ്തത്.

നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന നെടുമങ്ങാട് സ്വദേശിയും ആത്മഹത്യ ചെയ്തു. ഇന്ന് വൈകിട്ട് വാര്‍ഡിനുള്ളില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ച് ഗുരുതരാവസ്ഥയിലായി ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. നെടുമങ്ങാട് സ്വദേശി മുരുകേശനാണ് വൈകീട്ട് പേ വാര്‍ഡിനുള്ളില്‍ തൂങ്ങിമരിച്ചത്.

ഇന്ന് രാവിലെയാണ് രോഗം സംശയിച്ച് ഇയാളെ ആശുപത്രിയിലെത്തിച്ചത്. തമിഴ്‌നാട്ടില്‍ നിന്നും തിരിച്ചെത്തിയ മുരുകേശനെ അവശനിലയില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചത് അനുസരിച്ചാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചതെന്ന് പോലീസ് പറയുന്നു. ഇയാളുടെ സ്രവം പരിശോധനക്കായി എടുത്തിട്ടുണ്ട്.

Exit mobile version