ബാർ തുറന്നിട്ടും ക്ഷേത്രം തുറന്നില്ലെന്ന് ആദ്യം പറഞ്ഞു; സർക്കാർ ക്ഷേത്രം തുറക്കില്ലെന്ന് കരുതി ശബരിമല ആവർത്തിക്കാമെന്ന് ചിലർ കരുതി: മന്ത്രി കടകംപള്ളി

തിരുവനന്തപുരം: ഇപ്പോൾ ക്ഷേത്രം തുറന്നത് ഗൂഢാലോചനയെന്ന് ആരോപിക്കുന്നവർ മുമ്പ് ക്ഷേത്രം തുറക്കണമെന്ന് ആവർത്തിച്ചവരാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേന്ദ്രനിർദേശത്തെ എതിർത്ത് സംസ്ഥാന സർക്കാർ ക്ഷേത്രങ്ങൾ തുറക്കില്ലെന്ന് ചിലർ കരുതിയെന്നും അതിലൂടെ ശബരിമല ആവർത്തിച്ചു കളയാമെന്ന് ഉന്നംവെച്ചെന്നും മന്ത്രി കുറ്റപ്പെടുത്തി. മതമേലധ്യക്ഷൻമാരും മത നേതാക്കളും വിവിധ ദേവസ്വം ബോർഡുകളുടെ ഭാരവാഹികളും തന്ത്രി മണ്ഡലം പ്രതിനിധികളും തന്ത്രി സമാജം പ്രതിനിധികളുമായും ചേർന്ന വിശദമായ ചർച്ചക്കു ശേഷമാണ് സർക്കാർ തീരുമാനമെടുത്തതെന്നും കടകംപള്ളി പറഞ്ഞു.

ആരാധനാലയങ്ങൾ തുറക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരേ കേന്ദ്രസഹമന്ത്രി വി മുരളീധരനടക്കം രംഗത്തു വന്നതിനെത്തുടർന്നാണ് കടകംപള്ളിയുടെ പ്രതികരണം.

കേന്ദ്രസർക്കാർ കോവിഡുമായി ബന്ധപ്പെട്ടിറക്കിയ ഉത്തരവുകൾ വി മുരളീധരൻ വായിച്ചു മനസ്സിലാക്കണമെന്നും മേയ് മാസത്തിലെയും ജൂൺ മാസത്തിലെയും ഉത്തരവുകൾ വായിച്ചു നോക്കാനുള്ള മര്യാദ കാണിച്ചു വേണം കൊച്ചു കേരളത്തിന്റെ പുറത്ത് കുതിരകയറാനെന്നും കടകംപള്ളി വിമർശിച്ചു.

ബിവറേജസ് തുറക്കാമെങ്കിൽ, ഷോപ്പിങ് മാൾ തുറക്കാമെങ്കിൽ ആരാധനാലയങ്ങൾ തുറന്നു കൂടെ എന്നാണ് ബിജെപി നേതാക്കൾ ചാനൽ ചർച്ചകളിലടക്കം മുമ്പ് ചോദിച്ചതെന്നും കടകംപള്ളി ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

ഇളവ് അനുവദിക്കുന്ന പട്ടികയുടെ കൂട്ടത്തിൽ ആരാധനലായങ്ങൾ തുറക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനമുണ്ടായത് കഴിഞ്ഞ 30നാണ്. എന്നാൽ അത് കണ്ട ഉടനെ ധൃതി പിടിച്ച് ആരാധനാലയങ്ങൾ തുറക്കാനുള്ള തീരുമാനം കേരളം കൈക്കൊണ്ടിട്ടില്ല. പകരം വിവിധ മതമേധാവികളുമായി ചേർന്ന് ചർച്ച നടത്തുകയാണുണ്ടയാത്. നാലാം തീയ്യതി മതമേലധ്യക്ഷൻമാരും മത നേതാക്കളും വിവിധ ദേവസ്വം ബോർഡുകളുടെ ഭാരവാഹികളും തന്ത്രി മണ്ഡലം പ്രതിനിധികളും തന്ത്രി സമാജം പ്രതിനിധികളുമായും വിവിധ ഘട്ടങ്ങളിലായി വിശദമായ ചർച്ച നടന്നു.

എൻഎസ്എസ് ജനറൽ സെക്രട്ടറിയെയും എസ്എൻഡിപി ജനറൽ സെക്രട്ടറിയെയും വീഡിയോ കോൺഫറൻസിന് മുഖ്യമന്ത്രി ക്ഷണിച്ചിരുന്നു. അസുഖ ബാധിതനായതിനാൽ എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി സർക്കാർ എടുക്കുന്ന തീരുമാനങ്ങൾക്ക് പിന്തുണ അറിയിക്കുകയാണ് ചെയ്തത്. എൻഎസ്എസ് ജനറൽ സെക്രട്ടറിയാവട്ടെ എൻഎസ്എസ്സിന്റെ നിലപാട് അറിയാമല്ലോ എന്ന ഒറ്റവാക്യം പറഞ്ഞ് വീഡിയോ കോൺഫറൻസിങ്ങിൽ പങ്കെടുക്കാതിരിക്കുകയാണ് ചെയ്തത്. ക്ഷേത്രചുമതലയുള്ള ദേവസ്വബോർഡ് ആളുകൾ, മതമേലധ്യക്ഷൻമാർ, തന്ത്രിസമാജം എന്നിവയുമായൊക്കെ ചർച്ച നടത്തി. തുറക്കുന്നെങ്കിൽ എന്ന് തുറക്കണം, എങ്ങനെ തുറക്കണം എന്ന് വളരെ സമഗ്രമായ രീതിയിലുള്ള കൂടിയാലോചനകൾ നടത്തിയാണ് തീരുമാനം കൈക്കൊണ്ടതെന്നും മന്ത്രി വിശദീകരിച്ചു.

Exit mobile version