‘പുറത്തിറങ്ങിയിട്ടില്ല. ആര്‍ക്കും രോഗം പകരില്ല’ ; കൊറോണ ബാധിച്ചതിന് പിന്നാലെ നാട്ടുകാരെ ആശ്വസിപ്പിച്ച് ഡിനി ചാക്കോ പിന്നാലെ മരണവും, വേദനയോടെ ഒരു നാട്

തൃശ്ശൂര്‍: അവസാന നിമിഷമാണ് മാലദ്വീപില്‍ നിന്നുള്ള ഇന്ത്യന്‍ കപ്പലില്‍ ടിക്കറ്റ് കിട്ടിയത്, കൊറോണ ഭീതിയിലായതിനാല്‍ എങ്ങനെയെങ്കിലും നാട്ടില്‍ എത്തിയാല്‍മതിയെന്ന് ആഗ്രഹമായിരുന്നു, ഇന്ത്യന്‍ ഹൈക്കമ്മീഷനോടും നേവിയോടും പ്രത്യേക നന്ദി- കൊറോണ ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച ചാലക്കുടി വി.ആര്‍.പുരം സ്വദേശി ഡിനി ചാക്കോയുടെ വാക്കുകളാണിത്.

ഡിനി ചാക്കോയും ഭാര്യ ജിനുവും മകനും ഭാര്യാമാതാവും മാലദ്വീപില്‍ നിന്ന് കപ്പല്‍ മാര്‍ഗമാണ് കൊച്ചിയില്‍ എത്തിയത്. മകന്‍ പിഞ്ചു കുഞ്ഞായിരുന്നതിനാല്‍ കുടുംബത്തിന് വീട്ടില്‍തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ഡിനി ചാക്കോയെ കൊറോണ ബാധിച്ചു.

മേയ് പതിനാറിന് ഡിനി ചാക്കോയെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിറ്റേന്ന് ഭാര്യയേയും മകനേയും ഭാര്യാമാതാവിനേയും കൊറോണ ബാധിച്ച് ആശുപത്രിയിലാക്കി. അധികം വൈകാതെ കുടുംബാംഗങ്ങളുടെ രോഗം ഭേദപ്പെട്ടു.

എന്നാല്‍ ഡിനി ആശുപത്രിയില്‍ തന്നെ തുടര്‍ന്നു. അതിനിടെ ഡിനിയുടെ ആരോഗ്യനില വഷളായി. വൃക്കകളെ രോഗം ബാധിച്ചു. ശ്വാസകോശത്തില്‍ ന്യുമോണിയ ബാധിച്ചു. പിന്നീട് കാര്യങ്ങള്‍ കൂടുതല്‍ വഷളായി. വെന്റിലേറ്ററിലേക്ക് മാറ്റി. കഴിഞ്ഞദിവസം ഉച്ചയോടെ ഡിനി മരിച്ചു.

കൊറോണ ബാധിച്ച അന്നുതന്നെ ഡിനി നാട്ടുകാര്‍ക്കായി വാട്‌സാപ്പില്‍ ശബ്ദസന്ദേശമിട്ടിരുന്നു. ”ആരും പേടിക്കേണ്ട. ഞങ്ങളുടെ ആരോഗ്യനില തൃപ്തികരമാണ്. മാലദ്വീപില്‍ നിന്ന് കപ്പല്‍ മാര്‍ഗമാണ് എത്തിയത്. പിന്നീട് സ്വന്തം വണ്ടിയില്‍ വീട്ടില്‍ എത്തി.

പുറത്തിറങ്ങിയിട്ടില്ല. ആര്‍ക്കും രോഗം പകരില്ല.” എന്നായിരുന്നു ആ സന്ദേശം. ഇത് നാട്ടുകാര്‍ക്ക് ഏറെ ആശ്വാസമേകിയിരുന്നു. അതുകൊണ്ടുതന്നെ ഡിനി ചാക്കോ ഈ ലോകത്തോട് വിടപറയുമ്പോള്‍ ഉറ്റവരെ പോലെ നാട്ടുകാര്‍ക്കും അദ്ദേഹത്തെ മറക്കാന്‍ കഴിയില്ല.

Exit mobile version