പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റീന്‍ ഒഴിവാക്കി: 14 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം

തിരുവനന്തപുരം: പ്രവാസികളുടെ ഒരാഴ്ചത്തെ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ ഒഴിവാക്കുന്നു. മടങ്ങി എത്തുന്ന പ്രവാസികള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും അവരവരുടെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാം. വീടുകളും ക്വാറന്റീന്‍ കേന്ദ്രങ്ങളാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഇവര്‍ 14 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരണമെന്നാണ് നിര്‍ദ്ദേശം. ക്വാറന്റീന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി ആരോഗ്യവകുപ്പും ഉത്തരവിറക്കി.

മതിയായ സൗകര്യമുണ്ടെന്ന് ജില്ലാ ഭരണകൂടമോ തദ്ദേശസ്ഥാപനമോ അംഗീകരിച്ച വീടുകളോ വാസയോഗ്യമായ കെട്ടിടങ്ങളോ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളായി പരിഗണിക്കാമെന്നാണ് ദുരന്ത നിവാരണ വകുപ്പിന്റെ ഉത്തരവ്.

പ്രവാസികള്‍ 14 ദിവസം വീടുകളില്‍ ക്വാറന്റീനില്‍ കഴിയണം. അതിനുശേഷം 14 ദിവസം വീടുകളിലെ മുഴുവന്‍ പേരും നിരീക്ഷണത്തില്‍ കഴിയണം. നിരീക്ഷണ കാലയളവില്‍ ഒഴിവാക്കാനാകാത്ത ആവശ്യങ്ങള്‍ക്കു മാത്രമേ വീട്ടുകാര്‍ പുറത്തേക്കു പോകാവൂ. നിരീക്ഷണ കാലയളവില്‍ രോഗലക്ഷണമുള്ളവര്‍ ദിശയില്‍ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

നിലവില്‍ പ്രവാസികള്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും ഏഴു ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണ്. അതിനുശേഷം ഏഴുദിവസം വീടുകളിലും ക്വാറന്റീന്‍ വേണമെന്നാണ് നിര്‍ദേശം. ചെലവ് താങ്ങാനാകാത്തതിനാല്‍ സൗജന്യ ക്വാറന്റീന്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.

അതേസമയം, വീടുകളില്‍ സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാരിന്റെ സൗജന്യ ക്വാറന്റീന്‍ സൗകര്യം തുടരും. ഈ മാസം മാത്രം ഒരു ലക്ഷത്തില്‍ അധികം പ്രവാസികള്‍ നാട്ടിലേക്ക് തിരിച്ചെത്തുമെന്നാണ് സര്‍ക്കാരിന്റെ കണക്ക്.

Exit mobile version