മലവെള്ള പാച്ചില്‍: ഉറുമി പവര്‍ ഹൗസിനു സമീപം ഒരാള്‍ ഒഴുക്കില്‍പ്പെട്ടു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

കോഴിക്കോട്: മുക്കം കൂടരഞ്ഞി ഉറുമി പവര്‍ ഹൗസിനു സമീപത്ത് മലവെള്ള പാച്ചിലില്‍ ഒരാളെ കാണാതായി. മുക്കം പൂളപ്പൊയില്‍ സ്വദേശി അനിസ് റഹ്മാനെ(17) ആണ് കാണാതായത്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു സംഭവം.

ഉറുമി പവര്‍ ഹൗസിനു സമീപം കുളിക്കാനിറങ്ങിയതായിരുന്നു നാലംഗ സംഘം.
പെട്ടെന്ന് മലവെള്ളമെത്തിയപ്പോള്‍ ഒഴുക്കില്‍ പെടുകയും ചെയ്തു. രക്ഷപ്പെട്ട മറ്റ് രണ്ട് പേരാണ് വിവരം അടുത്തുള്ളവരെ അറിയിച്ചത്. മുക്കം പോലീസ് അപകട സ്ഥലത്ത് എത്തി തിരച്ചില്‍ നടത്തുന്നുണ്ട്.

മഴക്കാലത്ത് പെട്ടെന്നുള്ള മലവെള്ള പാച്ചിലിന് സാധ്യതയുള്ള അപകടംപിടിച്ച സ്ഥലമാണ് ഉറുമി വെള്ളച്ചാട്ടപ്രദേശം. നാലുപേര്‍ കുളിക്കാനിറങ്ങിയപ്പോള്‍ പെട്ടെന്ന് മുകളില്‍ മഴപെയ്യുകയും മലവെള്ള പാച്ചിലില്‍ സംഭവിക്കുകയുമായിരുന്നു. രണ്ട് ബൈക്കുകളിലായി നാലംഗ സംഘമാണ് ഉറുമി ജലവൈദ്യുത പദ്ധതി പ്രദേശത്തിന് സമീപം കുളിക്കാനെത്തിയത്.

ഇതിനിടെ ശക്തമായ ഒഴുക്കുണ്ടായി. ഇതോടെ മൂന്നുപേര്‍ പെട്ടന്ന് കരയിലേക്ക് ഓടി രക്ഷപ്പെട്ടു. ഒരാള്‍ ഒഴുകിപോവുകയായിരുന്നു. മുക്കം ഫയര്‍ഫോഴ്‌സും തിരുവമ്പാടി പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. പുഴയിലെ കുത്തൊഴുക്ക് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാവുകയാണ്.

Exit mobile version