ഇത്തവണ ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരില്ല; കെഎസ്ഇബി

കൊച്ചി: ഈവര്‍ഷം ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരില്ലെന്ന് കെഎസ്ഇബി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഹര്‍ജിയിലാണ് കെഎസ്ഇബിയുടെ വിശദീകരണം.
അണക്കെട്ടുകളിലെ ജലനിരപ്പ് ആശങ്കാജനകമാം വിധം ഉയരുന്നു. അത് ക്രമപ്പെടുത്തണം എന്ന ആവശ്യമുന്നയിച്ച് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് കെഎസ്ഇബി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

കാലാവസ്ഥ പ്രവചനങ്ങള്‍ പ്രകാരം അവിടെ ജൂണ്‍ ഒന്നിന് 23 ശതമാനം വെള്ളമാണ് ഇടുക്കി അണക്കെട്ടില്‍ ഉള്ളത്. ഇത് സാധാരണ നിലയേക്കാള്‍ 30 അടി കുറവാണ്. അതുകൊണ്ടുതന്നെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും കെഎസ്ഇബി ഹൈക്കോടതിയെ അറിയിച്ചു.

2018ലെ പ്രളയം സംഭവിച്ചത് അതിവര്‍ഷം മൂലമാണ്. അണക്കെട്ടുകള്‍ തുറന്നതുകൊണ്ടാണ് പ്രളയമുണ്ടായതെന്ന വാദം ശരിയല്ല. 2018ല്‍ ശരാശരിയേക്കാള്‍ 168 ശതമാനം അധികം മഴ ലഭിച്ചുവെന്നും കെഎസ്ഇബി പറയുന്നു.

വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതില്‍ ഈ വര്‍ഷം സംസ്ഥാനത്ത് പ്രളയമുണ്ടാകുമെന്നതടക്കമുള്ള വാദങ്ങള്‍ക്ക് ശാസ്ത്രീയമായ യാതൊരു അടിത്തറയുമില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു.

Exit mobile version