ബിലാല്‍ പബ്ജി അടിമയായിരുന്നു: കൊലപാതകം അറിഞ്ഞപ്പോള്‍ സംശയിച്ചു; ഫലം അനുഭവിക്കട്ടെയെന്നും പിതാവ്

കോട്ടയം: കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകക്കേസിലെ പ്രതി ബിലാല്‍ ചെറുപ്പം മുതല്‍ പ്രത്യേക പ്രകൃതക്കാരനെന്ന് പിതാവ്. ഇടയ്ക്കിടെ വീടുവിട്ടുപോകും. ഞായറാഴ്ച രാത്രിയും കാണാതായി. രാത്രി കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കൊലപാതകവാര്‍ത്ത അറിഞ്ഞപ്പോള്‍ ബിലാലിനെ സംശയിച്ചിരുന്നെന്നും പിതാവ് പറഞ്ഞു.

ബിലാല്‍ മാനസിക ആരോഗ്യ വിദഗ്ധരുടെ ചികില്‍സയിലായിരുന്നു. ബിലാല്‍ സ്ഥിരമായി മൊബൈലില്‍ പബ്ജി കളിച്ചിരുന്നു. കൊല ചെയ്തത് ബിലാലാണെങ്കില്‍ അതിന്റെ ഫലം അനുഭവിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കൊലപാതകക്കേസില്‍ തെളിവെടുപ്പ് തുടരുകയാണ്. തട്ടിയെടുത്ത കാര്‍ ഉപേക്ഷിച്ചത് പ്രതി ബിലാല്‍ മൂന്നാംക്ലാസ് വരെ പഠിച്ച സ്‌കൂളിനരികിലാണ്. ആലപ്പുഴയിലെ സ്‌കൂളിനടുത്ത് ഉപേക്ഷിച്ച കാറില്‍ ഫൊറന്‍സിക് വിദഗ്ധര്‍ തെളിവെടുത്തു. പ്രതിയെ ചെങ്ങളത്തെ പെട്രോള്‍ പമ്പിലും താഴത്തങ്ങാടിയിലും എത്തിച്ച് തെളിവെടുക്കും.

കൊലപാതക ശേഷം ബിലാല്‍ ഇടപ്പള്ളിയിലാണ് ഒളിവില്‍ താമസിച്ചത്. കുന്നംപുറത്തു ഹോട്ടല്‍ തൊഴിലാളികള്‍ക്കായി വാടകയ്ക്ക് എടുത്തിരുന്ന വീട്ടിലാണു 23കാരനായ ബിലാല്‍ കഴിഞ്ഞിരുന്നത്. പ്രദേശത്തുള്ള ഹോട്ടലില്‍ ജോലി കിട്ടുമോ എന്ന് അന്വേഷിച്ച് ചെന്നിരുന്നതായും രണ്ടു ദിവസം കഴിയട്ടെ എന്നു പറഞ്ഞ് ഇവിടെ താമസിപ്പിക്കുകയായിരുന്നെന്നും ഹോട്ടലുടമ പറഞ്ഞതായി സമീപവാസികള്‍ പറയുന്നു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് താഴത്തങ്ങാടി കൊലപാതകക്കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

Exit mobile version