‘പിണറായി വിജയനല്ല, മുഖ്യമന്ത്രിയാണ് യോഗം വിളിച്ചത്’ ; യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ച് എസ്എന്‍ഡിപി

പിണറായി വിജയനല്ല, മുഖ്യമന്ത്രിയാണ് യോഗം വിളിച്ചതെന്ന് എസ്എന്‍ഡിപി യോഗം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ച സാമുദായിക സംഘടനകളുടെ യോഗത്തില്‍ പങ്കെടുക്കുമെന്ന് എസ്എന്‍ഡിപി.

പിണറായി വിജയനല്ല, മുഖ്യമന്ത്രിയാണ് യോഗം വിളിച്ചതെന്ന് എസ്എന്‍ഡിപി യോഗം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്എന്‍ഡിപിയുടെ നിലപാട് യോഗത്തില്‍ അറിയിക്കാമെന്നും മുന്‍തീരുമാനത്തില്‍ മാറ്റമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. നേരത്തെ എന്‍എസ്എസ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞിരുന്നു.

യോഗക്ഷേമ സഭാ നേതാക്കളെയും ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധിക്ക് ശേഷം സര്‍ക്കാരും ദേവസ്വംബോര്‍ഡും ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാടിന്റെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്.

നവോത്ഥാനപാരമ്പര്യവും മൂല്യങ്ങളും പിന്തുടരുന്ന സംഘടനകള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒന്നിച്ചുനില്‍ക്കണമെന്നും അതിനായാണ് യോഗം എന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഇന്ന് വൈകുന്നേരമാണ് യോഗം വിളിച്ചിരിക്കുന്നത്. നിലവിലെ സാമുദായിക സംഘടനകളില്‍ പലതും കേരള നവോത്ഥാനത്തിന് നിര്‍ണായക പങ്ക് വഹിച്ചവരാണ്.

Exit mobile version