ലോക്ക്ഡൗൺ ലംഘിച്ച് ട്യൂഷനെടുത്തു; വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂരമർദ്ദനവും; ചെങ്ങന്നൂർ പോലീസ് കേസെടുത്തു

ആലപ്പുഴ: ലോക്ക്ഡൗൺ ലംഘിച്ച് ട്യൂഷനെടുക്കുകയും മൂന്നാംക്ലാസ് വിദ്യാർത്ഥിയെ മർദ്ദിക്കുകയും ചെയ്ത് അധ്യാപകന്റെ ക്രൂരത. ചെങ്ങന്നൂർ മുളക്കുഴിയിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിക്കാണ് ട്യൂഷൻ അധ്യാപകന്റെ മർദ്ദനമേറ്റത്. സംഭവത്തിൽ അധ്യാപകനായ മുളക്കുഴ സ്വദേശി മുരളിക്കെതിരെ ചെങ്ങന്നൂർ പോലീസ് കേസെടുത്തു. ജുവനൈൽ നിയമപ്രകാരമാണ് കേസെടുത്തത്.

ലോക്ക് ഡൗൺ കാലത്ത് ട്യൂഷൻ ക്ലാസ് നടത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കുട്ടിയെ അധ്യാപകൻ മർദ്ദിച്ചതറിഞ്ഞ വാർഡ് മെമ്പറാണ് ചൈൽഡ് ലൈനിലും പോലീസിലും പരാതി നൽകിയത്. ശനിയാഴ്ച വൈകിട്ടാണ് കുട്ടിക്ക് അധ്യാപകന്റെ മർദ്ദനമേറ്റത്. കുട്ടിയുടെ ദേഹമാസകലം ചൂരൽ കൊണ്ട് അടിച്ച പാടുകളുണ്ട്.

അതേസമയം, വിദ്യാർത്ഥികളെ മുരളി അടിക്കുന്നതും മോശമായി സംസാരിക്കുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു. അടി കിട്ടിയ വിവരം കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നെങ്കിലും അവർ ഇക്കാര്യം ചൈൽഡ് ലൈനിനെയോ പോലീസിനെയോ അറിയിച്ചില്ല. ഒടുവിൽ അയൽവാസിയായ ആശ പ്രവർത്തകയാണ് വിവരം പുറത്തറിയിക്കുന്നത്. അധ്യാപകനെ അറസ്റ്റ് ചെയ്‌തേക്കും.

Exit mobile version