എല്ലാവരും സംസാരിക്കുന്നത് കേരളത്തെക്കുറിച്ചാണ്, ശൈലജ ടീച്ചറാണ് ഹീറോയെന്ന് കമല്‍ഹാസന്‍, താനല്ല ആരോഗ്യപ്രവര്‍ത്തകരാണ് കേരളത്തിലെ യഥാര്‍ഥ ഹീറോകളെന്ന് മറുപടിയുമായി ആരോഗ്യമന്ത്രി

ചെന്നൈ: കേരളത്തിന്റെ ആരോഗ്യമന്ത്രി കെകെ ശൈലജയെ ഹീറോ എന്നു വിശേഷിപ്പിച്ച് നടന്‍ കമല്‍ഹാസന്‍. കേരളത്തില്‍ കോവിഡ്-19 നിയന്ത്രണവിധേയമാക്കാന്‍ മികച്ച രീതിയില്‍ നേതൃത്വം വഹിക്കുന്ന ആരോഗ്യമന്ത്രിയെ പ്രശംസിക്കുകയായിരുന്നു താരം. പ്രശംസയക്ക് കമല്‍ഹാസന് മന്ത്രി നന്ദി അറിയിക്കുകയും ചെയ്തു.

തന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം കെകെ ശൈലജയുമായി നടത്തിയ ലൈവ് ചാറ്റിലാണ് കമല്‍ഹാസന്റെ പരാമര്‍ശം. കേരളത്തിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തെക്കുറിച്ച് നേരിട്ട് അറിയുന്നതിനാണ് കമല്‍ഹാസന്‍ മന്ത്രിയുമായി ഓണ്‍ലൈന്‍ സംവാദം ഒരുക്കിയത്.

”ഇപ്പോള്‍ എല്ലാവരും സംസാരിക്കുന്നത് കേരളത്തെക്കുറിച്ചാണ്. ശൈലജ ടീച്ചറാണ് ഹീറോ” – എന്ന് കമല്‍ പറഞ്ഞു. എന്നാല്‍, താന്‍ അല്ല ആരോഗ്യപ്രവര്‍ത്തകരാണ് കേരളത്തിലെ യഥാര്‍ഥ ഹീറോകളെന്നും അവരെ ഏകോപിപ്പിക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ കമലിന് മറുപടിയും നല്‍കി.

കേരളത്തിന്റെ മാതൃക തമിഴ്‌നാടിന് പിന്തുടരാമെന്ന് മന്ത്രി കമലിനോട് പറഞ്ഞു. ”മികച്ച പൊതുജനാരോഗ്യ സംവിധാനങ്ങളുടെ സഹായത്തോടെ തമിഴ്‌നാടിന് കേരളമാതൃക പിന്തുടരാവുന്നതാണ്. ജനങ്ങളുടെയും സര്‍ക്കാരിതര സംഘടനകളുടെയും ഉദ്യോഗസ്ഥരുടെയും പൂര്‍ണ സഹകരണമില്ലെങ്കില്‍ ഇത് നടപ്പാക്കുക പ്രയാസമാണ്” എന്ന് മന്ത്രി പറഞ്ഞു.

ജനുവരിയില്‍ വുഹാനില്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ത്തന്നെ കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചിരുന്നു. മതനേതാക്കളുമായി യോഗം ചേര്‍ന്ന് ആലോചിച്ച് ആരാധനാലയങ്ങള്‍ അടച്ചിട്ടു. മികച്ച ക്വാറന്റീന്‍ സംവിധാനങ്ങള്‍ ഉറപ്പാക്കിയതിനാല്‍ സമ്പര്‍ക്കം വഴിയുള്ള രോഗവ്യാപനം കാര്യമായി കുറയ്ക്കാന്‍ സാധിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി.

കോവിഡ് പ്രതിരോധത്തിനായി സര്‍ക്കാരിനെ സഹായിക്കാന്‍ നിറമോ പാര്‍ട്ടിയോ നോക്കാതെ സേവനത്തിനിറങ്ങുകയാണ് തങ്ങളെന്നും വിലപ്പെട്ട ഉപദേശങ്ങള്‍ ഇനിയും വേണ്ടിവരുമെന്നും കമല്‍ മന്ത്രിയെ അറിയിച്ചു. ബി.ബി.സി.ക്ക് നല്‍കിയ അഭിമുഖം താന്‍ കണ്ടിരുന്നുവെന്നും കമല്‍ മന്ത്രിയോട് പറഞ്ഞു.

Exit mobile version