ഉത്ര വധക്കേസ്: സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍ അറസ്റ്റില്‍; സ്വര്‍ണം റബര്‍തോട്ടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെടുത്തു

പത്തനംതിട്ട: ഉത്ര വധക്കേസില്‍ പ്രതി സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനും അറസ്റ്റില്‍.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്‌ലിന് ശേഷമായിരുന്നു അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. അച്ഛന് എല്ലാം അറിയാമെന്ന് സൂരജ് മൊഴി നല്‍കിയിരുന്നു.

അതേസമയം, അന്വേഷണസംഘം സൂരജിന്റെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയിരുന്നു. സൂരജ് ലോക്കറില്‍നിന്ന് മാറ്റിയ സ്വര്‍ണം വീടിനു പിറകില്‍ റബര്‍ തോട്ടത്തില്‍ കുഴിച്ചിട്ട നിലയിലായിരുന്നു. സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനാണ് സ്വര്‍ണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് പരിശോധനാ സംഘത്തിന് കാണിച്ചുകൊടുത്തത്.

98 പവനാണ് വിവാഹ സമയത്ത് ഉത്രയ്ക്ക് നല്‍കിയത്. കണ്ടെത്തിയത് എത്ര പവനെന്ന് തിട്ടപ്പെടുത്തുകയാണ്. ക്രൈം ബ്രാഞ്ചും റവന്യൂ ഉദ്യോഗസ്ഥരുമാണ് സ്വര്‍ണം പരിശോധിക്കുന്നത്. അടൂരിലെ ലോക്കറില്‍ പരിശോധന നടത്തിയ ശേഷമാണ് സ്വര്‍ണം കണ്ടെത്തിയത്. ലോക്കര്‍ നിരവധി തവണ സൂരജ് തുറന്നതായി കണ്ടെത്തിയിരുന്നു.

ഉത്ര കൊലക്കേസില്‍ സൂരജിന്റെ വീട്ടുകാരെ പ്രതി ചേര്‍ക്കുന്നതിന്റെ നിയമ സാധുത പരിശോധിക്കുകയാണ് അന്വേഷണ സംഘം. പാമ്പിനെ ആയുധമാക്കിയ കേസില്‍ കുറ്റപത്രം തയ്യാറാക്കുന്നതിലടക്കം നിയമോപദേശം തേടി മുന്നോട്ടു പോയാല്‍ മതിയെന്നാണ് ഉന്നതതല നിര്‍ദ്ദേശം. കൊലപാതകത്തെക്കുറിച്ച് തന്റെ വീട്ടുകാര്‍ക്കും ബോധ്യമുണ്ടായിരുന്നുവെന്ന പ്രതി സൂരജിന്റെ മൊഴി ക്രൈംബ്രാഞ്ച് വിശദമായി പരിശോധിക്കുന്നു. സൂരജിന്റെ അമ്മയേയും സഹോദരിയേയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്‌തേക്കും.

Exit mobile version