വയനാട്ടിലെ പുല്‍പ്പള്ളിയിലും വെട്ടുകിളി ശല്യം; തോട്ടങ്ങളില്‍ രാസകീടനാശിനി പ്രയോഗിക്കാന്‍ കൃഷി വകുപ്പിന്റെ നിര്‍ദേശം

പുല്‍പ്പള്ളി: വയനാട്ടിലെ പുല്‍പ്പള്ളിയിലും വെട്ടുകിളി ശല്യം. കൂട്ടത്തോടെ എത്തുന്ന വെട്ടുകിളികള്‍ കൊക്കോ, കാപ്പി തുടങ്ങിയ നാണ്യവിളകള്‍ക്കും തെങ്ങിനും വാഴക്കുമെല്ലാം ഒരേ സമയം ഭീഷണി ആകുകയാണ്. വെട്ടുകിളി ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് തോട്ടങ്ങളില്‍ രാസകീടനാശിനി പ്രയോഗിക്കാന്‍ കൃഷി വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

എന്നാല്‍ പൂര്‍ണ്ണമായും ജൈവ രീതിയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന കൊക്കോ,കാപ്പി എന്നിവയില്‍ രാസകീടനാശിനി തളിക്കാന്‍ പല കര്‍ഷകരും താല്‍പ്പര്യപ്പെടുന്നില്ല. നേരത്തെ നടത്തിയ രാസവളപ്രയോഗം കാരണം തവളകള്‍ നശിച്ചത് കൊണ്ടാണ് വെട്ടുകിളികള്‍ പെരുകാന്‍ കാരണമായതെന്നാണ് കര്‍ഷകര്‍ പറയുന്നത്. ചെടികളുടെ ഇലകള്‍ കാര്‍ന്നു തിന്നുന്ന വെട്ടുകിളികള്‍ പുല്‍പ്പള്ളിയിലും പരിസര പ്രദേശത്തെ തോട്ടങ്ങളിലും പെറ്റു പെരുകാന്‍ തുടങ്ങിയിട്ട് രണ്ട് മാസമായി.

അതേസമയം മണ്ണില്‍ മുട്ടയിടുന്ന ഇവയുടെ ലാര്‍വകള്‍ വളര്‍ന്നു കൃഷി നാശം വരുത്തുമ്പോള്‍ മാത്രമാണ് ഇവയെ കര്‍ഷകര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുക. പ്രത്യേക സാഹചര്യത്തില്‍ പുല്‍പ്പള്ളിയില്‍ വെട്ടുകിളി പ്രതിരോധത്തിനായി അടിയന്തര കര്‍മ്മ പദ്ധതി തയ്യാറാക്കുകയാണ് കൃഷി വകുപ്പ്.

Exit mobile version