കൊവിഡ് ലക്ഷണത്തോടെ എത്തിയ പ്രവാസിയുടെ സ്രവമെടുത്ത് വീട്ടിലേക്ക് വിട്ടു: പരിശോധനാഫലം വന്നപ്പോള്‍ പോസിറ്റീവ്; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വന്‍ വീഴ്ച

തിരുവനന്തപുരം: കൊവിഡ് ചികിത്സയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വന്‍ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. കൊവിഡ് ലക്ഷണത്തോടെ എത്തിയ പ്രവാസിയുടെ സ്രവമെടുത്ത ശേഷം വീട്ടിലേയ്ക്ക് അയച്ചു. കുവൈത്തില്‍ നിന്നെത്തിയ ആലങ്കോട് സ്വദേശിയായ 42കാരനെയാണ് സ്രവം എടുത്ത ശേഷം വീട്ടിലേക്കയച്ചത്. ഇയാളുടെ കൊവിഡ് പരിശോധനാഫലം പിന്നീട് പോസിറ്റീവ് ആയി.

വിമാനത്താവളത്തില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്ത കേസിലാണ് വീഴ്ച. പിന്നീട് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മെഡിക്കല്‍ കോളേജില്‍ തിരിച്ചെത്തിക്കുകയായിരുന്നു.

ഇന്നലെയാണ് 42കാരനായ ആലങ്കോട് സ്വദേശി പ്രത്യേക വിമാനത്തില്‍ കുവൈറ്റില്‍ നിന്ന് എത്തിയത്. വിമാനത്താവളത്തില്‍ വച്ച് നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയും സ്രവം പരിശോധനയ്ക്കെടുക്കുകയും ചെയ്തു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ഇയാളെ വീട്ടിലേയ്ക്ക് അയയ്ക്കുകയും ചെയ്തു. വൈകീട്ട് ഫലം വന്നപ്പോള്‍ ഫലം പോസിറ്റീവായി. ഇതിന് പിന്നാലെ ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജില്‍ തിരിച്ചെത്തിക്കുകയായിരുന്നു.

വിദേശത്ത് നിന്ന് വരുന്നവരെ ഏഴ് ദിവസത്തേക്ക് നിര്‍ബന്ധമായും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ആലങ്കോട് സ്വദേശിയുടെ കാര്യത്തില്‍ ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചു. ആലങ്കോട് സ്വദേശി ഭാര്യ ഉള്‍പ്പെടെയുള്ളവരുമായി ഇടപഴകിയതായാണ് സൂചന.

Exit mobile version