‘തിരോന്തരം കിടിലമാണ്, അറബിക്കടലിന്റെ തിരമാലകളുടെ വെണ്‍മയുള്ള മനസാണ് തിരുവനന്തപുരത്തിന്’; കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: സ്ഥലം മാറിപ്പോകുന്ന കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ തിരുവനന്തപുരത്തെ കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുന്നത്. തിരോന്തരം കിടിലമാണ്. തനിക്കേറ്റവും പ്രിയപ്പെട്ടതാണ് എന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് ആരംഭിച്ചത്.

അഗസ്ത്യാര്‍കൂടത്തിന്റെ കരുത്തും തലയെടുപ്പുമാണ് ഈ നാടിന്റെ കരുതലിനെന്നും അറബിക്കടലിന്റെ തിരമാലകളുടെ വെണ്‍മയുള്ള മനസാണ് തിരുവനന്തപുരത്തിനെന്നും സഹ്യാദ്രി മലനിരകളുടെ കുളിര്‍മയാണ് ഇവിടത്തെ സ്‌നേഹത്തിനെന്നുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

ചരിത്രസാക്ഷികളായി നില്‍ക്കുന്ന മനോഹരങ്ങളായ യൂണിവേഴ്‌സിറ്റി കോളേജും മ്യൂസിയവും പബ്ലിക് ഓഫീസും പ്രൗഢമായ പാരമ്പര്യത്തെയും ഓര്‍മിപ്പിക്കുന്നു. ചാലയും പാളയവും ഗ്രാമച്ചന്തകളായ ആറാലുംമൂടും മാമവും കാട്ടാക്കടയും തിരുവനന്തപുരത്തിന്റെ നന്മനിറയുന്ന വ്യാപാരജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണെന്നും അദ്ദേഹത്തിന്റെ കുറിപ്പിലുണ്ട്. 2192 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള തിരുവനന്തപുരത്ത് ഇല്ലാത്തതായി ഒന്നുമില്ലെന്നും ഇവിടത്തുകാര്‍ മനസ്സുനിറയെ നല്ല സ്വപ്നമുള്ള അധ്വാനികളാണെന്നും ഇവിടത്തെ ഓര്‍മകള്‍ മനോഹരങ്ങളാണെന്നും അവ എപ്പോഴും കൂടെയുണ്ടാകുമെന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

തിരോന്തരം കിടിലമാണ്.എനിക്കേറ്റവും പ്രിയപ്പെട്ടതാണ്.തിരുവനന്തപുരം കേരളത്തിന്റെ തെക്കേയറ്റത്തെ ജില്ലയാണ്.കേരളത്തിലെ ആദ്യ സര്‍വകലാശാല, ആദ്യ മെഡിക്കല്‍ കോളേജ്, ആദ്യ റേഡിയോ സ്റ്റേഷന്‍, ടെലിവിഷന്‍ കേന്ദ്രം, മൃഗശാല, മ്യൂസിയം ,വാനനിരീക്ഷണ കേന്ദ്രം, സര്‍ക്കാര്‍ ആശുപത്രി, ലാ കോളേജ്, വനിതാ കോളേജ് ,പബ്ലിക് ലൈബ്രറി എല്ലാം ഇവിടെയാണ്.

കേരളത്തിന്റെ തലസ്ഥാനമാണ്. മഹാത്മാഅയ്യങ്കാളി, ശ്രീ നാരായണ ഗുരു, ചട്ടമ്പിസ്വാമികള്‍ തുടങ്ങിയ മഹാരഥന്‍മാരുടെ ജന്മ സ്ഥലമാണ്.എത്രയോ മികച്ച ഭരണാധികാരികള്‍ വാണിരുന്ന
ഭരണ സിരാകേന്ദ്രം സെക്രട്ടറിയേറ്റ് ഇവിടെയാണ്.രാജ്യത്തെ പ്രധാനപ്പെട്ട റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലമാണ്. 2192 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള തിരുവനന്തപുരത്ത് ഇല്ലാത്തതായി ഒന്നുമില്ല.

ലോകത്തേറ്റവും സമ്പന്നമായ പത്മനാഭസ്വാമി ക്ഷേത്രവും, ബീമാപള്ളിയും, വെട്ടുകാട് പള്ളിയും മതസൗഹാര്‍ദത്തിന്റെ മഹനീയ ചിത്രം വരയ്ക്കുന്നു.വാകമരങ്ങള്‍ തണലേകുന്ന നഗര റോഡുകളുടെ സൗന്ദര്യം എങ്ങനെ മറക്കും.മഹാരഥന്‍മാരുടെ പ്രതിമകള്‍ ചരിത്രം പറഞ്ഞു തരുന്നു .കലയും സാഹിത്യവും സിനിമയും നിറയുന്ന നിശാഗന്ധിയും കനകക്കുന്നും മാനവീയവും ടാഗോര്‍ തിയേറ്ററും .. ഉള്ളില്‍ ആരവങ്ങള്‍ നിലക്കുന്നില്ല .ചരിത്ര സാക്ഷികളായി നില്‍ക്കുന്ന മനോഹരങ്ങളായ യൂണിവേഴ്‌സിറ്റി കോളേജും, മ്യൂസിയവും, പബ്ലിക് ഓഫീസും അങ്ങനെയെത്ര കെട്ടിടങ്ങള്‍ തിരുവനന്തപുരമേ നിന്റെ പ്രൗഢമായ ഒരു വാസ്തുശില്പ പാരമ്പര്യം കാട്ടിത്തരുന്നു.

നഗര കേന്ദ്രങ്ങളായ ചാലയും,പാളയവും, ഗ്രാമചന്തകളായ ആറാലുംമൂടും മാമവും കാട്ടാക്കടയും മറ്റനേകം ചന്തമുള്ള ചെറു ചന്തകളും തിരുവനന്തപുരത്തിന്റെ നന്മനിറയുന്ന വ്യാപാര ജീവിതത്തിന്റെ നേര്‍കാഴ്ചകളാണ്. കേരളത്തിന്റെ ആദ്യ ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്ന ടെക്കികള്‍, ഉദ്യോഗസ്ഥര്‍, മല്‍സ്യബന്ധനത്തൊഴിലാളികള്‍ എന്നിങ്ങനെ എല്ലാവരും മനസു നിറയെ നല്ല സ്വപ്നമുള്ളവര്‍.അധ്വാനികള്‍.

അറബിക്കടലിന്റെ തിരമാലകളുടെ വെണ്‍മയുള്ള മനസാണ് തിരുവനന്തപുരത്തിന്.സഹ്യാദ്രി മലനിരകളുടെ കുളിര്‍മയാണ് തിരുവനന്തപുരത്തിന്റെ സ്‌നേഹത്തിന്.തുലാവര്‍ഷപ്പെരുമഴ പോലെ തുള്ളിക്കൊരു കുടം പോലെ പെയ്‌തൊഴിയുന്നതാണ് തിരുവനന്തപുരത്തിന്റെ സങ്കടങ്ങള്‍.അഗസ്ത്യാര്‍കൂടത്തിന്റെ കരുത്തും തലയെടുപ്പുമാണ് തിരുവനന്തപുരത്തിന്റെ കരുതലിന് .ഈ ഓര്‍മ്മകള്‍ മനോഹരങ്ങളാണ്.അവ കുടഞ്ഞെറിയാനുള്ളതല്ല കൂടെയുണ്ടാകും എപ്പോഴും…
കെ.ഗോപാലകൃഷ്ണന്‍

Exit mobile version