ഇതേ ഉള്ളൂ കൈയ്യില്‍: ദുരിതാശ്വാസ നിധിയിലേക്ക് തന്റെ വീല്‍ചെയര്‍ നല്‍കി ഭിന്നശേഷിക്കാരനായ യുവാവ്

മലപ്പുറം: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി വീല്‍ചെയര്‍ നല്‍കി ഭിന്നശേഷിക്കാരനായ യുവാവ്. മലപ്പുറം സ്വദേശിയായ മുഹമ്മദ് അന്‍സാബാണ് താന്‍ ഉപയോഗിച്ചിരുന്ന പഴയ വീല്‍ചെയര്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
എല്ലിന് രോഗം ബാധിച്ച അന്‍സാബ് വീല്‍ ചെയറിന്റെ സഹായത്തോടെയാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്.

മലപ്പുറം ഗവ. കോളേജിലെ ബികോം വിദ്യാര്‍ത്ഥിയാണ് അന്‍സാബ്. തന്റെ സുഹൃത്തും കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ സനീഷിനോട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനുണ്ടെന്ന് അന്‍സാബ് ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് മലപ്പുറം ബ്ലോക്ക് സെക്രട്ടറി ഇല്ല്യാസിനേയും കൂട്ടി വലിയവരമ്പ് യൂണിറ്റിലെ പ്രവര്‍ത്തകര്‍ക്കൊപ്പം വീട്ടിലെത്തിയപ്പോള്‍ അന്‍സാബ് തന്റെ വീല്‍ ചെയര്‍ നല്‍കുകയായിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് തനിക്ക് നല്‍കാനുള്ളത് ഇത് മാത്രമാണെന്ന് അറിയിച്ചതോടെ പ്രവര്‍ത്തകര്‍ സഹായം സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു.

Exit mobile version